എയർ ഇന്ത്യ പ്രതിസന്ധി അവസാനിച്ചു; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും

0
220

എയർ ഇന്ത്യ പ്രതിസന്ധി അവസാനിച്ചു. പിരിച്ചുവിട്ട 25 ജീവനക്കാരെ എയർ ഇന്ത്യ തിരിച്ചെടുക്കും. സെൻട്രൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരും മാനേജ്‌മെൻ്റും തമ്മിൽ നടത്തിയ ചർച്ച വിജയിച്ചു.

എയർ ഇന്ത്യ എക്സ് പ്രസിന്റെ എച്ച് ആർ മേധാവിയാണ് കമ്പനിയെ പ്രതിനിധികരിച്ച് ചർച്ചയിൽ പങ്കെടുത്തത്. സമരത്തിനു ശേഷം പിരിച്ചു വിട്ട 25 ജീവനക്കാരെ തിരികെ എടുക്കണമെന്ന ആവശ്യം ശക്തമാക്കി സമരത്തിന് നേതൃത്വം നൽകുന്ന യൂണിയൻ ചര്‍ച്ചയിൽ നിലപാടെടുത്തു.

പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യം യൂണിയൻ ചർച്ചയിൽ ഉന്നയിച്ചു. ഈ ആവശ്യം അടക്കം അംഗീകരിച്ചാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് ഇരു പക്ഷവും തമ്മിൽ എത്തിയത്. സിഇഒ യോഗത്തിൽ പങ്കെടുക്കാത്തതിന്റെ അതൃപ്തി യൂണിയൻ അറിയിച്ചു.

എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയനിലുള്ള 300 ജീവനക്കാരാണ് കൂട്ടമായി മെഡിക്കല്‍ അവധിയെടുത്ത്. ഇത് ആസൂത്രിതമാണെന്ന് ബോധ്യമായെന്നാണ് കമ്പനി അയച്ച പിരിച്ചുവിടല്‍ നോട്ടീസില്‍ പറഞ്ഞിരുന്നു.

സമരത്തെ തുടർന്ന് 85 വിമാനങ്ങളാണ് റദ്ദാക്കിയത്. പ്രതിസന്ധി കുറക്കുന്നതിന്‍റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ റൂട്ടില്‍ 20 എയർ ഇന്ത്യ വിമാനങ്ങള്‍ സർവീസ് നടത്തുമെന്നും കമ്പനി ഇന്ന് അറിയിച്ചിരുന്നു.