ചെന്നൈ സൂപ്പര്‍ കിങ്സിന് തിരിച്ചടി; മതീഷ പതിരാന പരിക്കുമൂലം നാട്ടിലേക്ക് മടങ്ങി

0
316

ചെന്നൈ സൂപ്പര്‍ കിങ്സിന് തിരിച്ചടി. ചെന്നൈയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെക്കുന്ന ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാന പരിക്കുമൂലം നാട്ടിലേക്ക് മടങ്ങി. താരത്തിന് സീസണിലെ ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സീസണില്‍ ഇതുവരെ ആറ് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകളാണ് 21കാരനായ പതിരാന സിഎസ്‌കെയ്ക്ക് വേണ്ടി വീഴ്ത്തിയത്. മികച്ച ഫോമിലുള്ള പതിരാനയുടെ അഭാവം ചെന്നൈയുടെ ബൗളിങ് നിരയ്ക്ക് വലിയ തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. ദീപക് ചഹറിന് പരിക്കേറ്റതിന് പിന്നാലെയാണ് പതിരാനയ്ക്കും മടങ്ങേണ്ടിവന്നത്. ടി20 ലോകകപ്പിന് മുന്നോടിയായി ചെന്നൈയുടെ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനും നാട്ടിലേക്ക് മടങ്ങിയിരുന്നു.

കാലിലെ പേശികള്‍ക്കേറ്റ പരിക്കാണ് പതിരാനയ്ക്ക് തിരിച്ചടിയായത്. കഴിഞ്ഞ ആഴ്ച പരിക്കേറ്റ താരത്തിന് പിന്നീടുള്ള മത്സരങ്ങള്‍ നഷ്ടമായിരുന്നു. തുടര്‍ചികിത്സയും വിശ്രമവും ആവശ്യമായി വന്നതോടെ താരം ശ്രീലങ്കയിലേക്ക് മടങ്ങുന്നുവെന്നാണ് ടീം മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. അതേസമയം പതിരാന ടീമിലേക്ക് തിരിച്ചുവരുന്ന കാര്യത്തില്‍ ചെന്നൈ വ്യക്തത വരുത്തിയിട്ടില്ല.