ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും വിച്ഛേദിച്ച് തുർക്കി

0
169

ഗാസയിൽ നടക്കുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും തുർക്കി വിച്ഛേദിച്ചു. കഴിഞ്ഞ മാസം മുതൽ ഇസ്രയേലിലേക്കുള്ള കയറ്റുമതിക്ക് തുർക്കി നിയന്ത്രണം ഏർപ്പെടുത്തി.

ഇതിനു പിന്നാലെയാണ് വ്യാപാരബന്ധം പൂർണമായും അവസാനിപ്പിക്കുന്നതായി തുർക്കി പ്രഖ്യാപിച്ചത്. വ്യാഴാഴ്ച മുതൽ ഈ നടപടി രാജ്യത്ത് നിലവിൽ വന്നു. വെടിനിർത്തൽ പ്രഖ്യാപിക്കുന്നതുവരെ വ്യാപാരബന്ധം തുടരില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഇസ്രഈൽ നടത്തുന്ന കൂട്ടക്കൊല തുടരുന്നതും അന്താരാഷ്ട്ര വെടിനിർത്തൽ ശ്രമങ്ങളെ ഇസ്രഈൽ സർക്കാർ അവഗണിക്കുകയും, തടയുകയും ചെയ്തതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ഇസ്രഈലിലേക്കുള്ള 54 ഉൽപ്പന്ന ഗ്രൂപ്പുകളുടെ കയറ്റുമതി തുർക്കി നേരത്തെ നിയന്ത്രിച്ചിരുന്നു.

ഇസ്രഈൽ സർക്കാർ അതിന്റെ ആക്രമണാത്മക പെരുമാറ്റം തുടരുന്നുവെന്നും ഫലസ്തീനിലെ മാനുഷിക ദുരന്തം കൂടുതൽ വഷളാകുന്നുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഗസയിലേക്കുള്ള മാനുഷിക സഹായം തടസമില്ലാതെ തുടരുന്നത് വരെ തുർക്കി നടപടികളുമായി മുന്നോട്ട് പോകുമെന്നും സർക്കാർ വ്യക്തമാക്കി.

മറുവശത്ത്, ഫലസ്തീൻ ജനതയെ ഈ നിയന്ത്രണങ്ങൾ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ തുർക്കി വ്യാപാര മന്ത്രാലയം ഫലസ്തീൻ അധികാരികളുമായി ചർച്ച നടത്തിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടർക്കിഷ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് 2023ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 6.8 ബില്യൺ ഡോളറായിരുന്നു. തുർക്കിയുടെ കയറ്റുമതി മൊത്തം 76 ശതമാനം വരും.