മണിപ്പൂരിലെ അക്രമം ഒരു വർഷം പിന്നിടുന്നു; സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമായിട്ടില്ല

0
104

മണിപ്പൂരിലെ അശാന്തിക്ക് ഇന്ന് ഒരു വർഷം തികയുന്നു. കഴിഞ്ഞ മെയ് മൂന്നിന് കുക്കി-മൈഥി വിഭാഗങ്ങൾ ചേർന്ന് ആക്രമണം ആരംഭിക്കുകയും അത് വർഗീയ കലാപമായി മാറുകയും ചെയ്തു. ഇന്നും സംസ്ഥാനത്ത് സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമായിട്ടില്ല.

കുക്കി സംഘടനയായ ട്രൈബൽ യൂണിറ്റി കമ്മിറ്റി വെള്ളിയാഴ്ച സമ്പൂർണ അടച്ചിടലിന് ആഹ്വാനം ചെയ്തു. ചുരാചന്ദ്പുരിലെ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറവും (ഐ.ടി.എൽ.എഫ്.) കുക്കി വിഭാഗത്തിന്റെ സംഘടനയായ കുക്കി ഇൻപി മണിപ്പുരും (കെ.ഐ.എം.) ഉണർവിന്റെയും ദിനമെന്ന നിലയിലാണ് ഈ ദിനം ആചരിക്കുക.

അതേസമയം, അനധികൃത കുടിയേറ്റക്കാർ ആക്രമണം ആരംഭിച്ച ദിവസം ആയാണ് വെള്ളിയാഴ്ച ആചരിക്കുകയെന്നാണ് മെയ്ത്തി സംഘടനകളുടെ നിലപാട്. ഇംഫാൽ ഈസ്റ്റിലെ ഷുമാങ് ലീല സാങ്‌ലെനിൽ മെയ്ത്തി വിഭാഗം പരിപാടി സംഘടിപ്പിക്കും. കഴിഞ്ഞവർഷം അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം കാണാതായ 35-ലധികം മെയ്ത്തി വംശജരെ കണ്ടെത്താൻ ഈ പരിപാടിയിൽ അഭ്യർഥിക്കും.

മെയ്ത്തി വിഭാഗത്തിലുള്ളവരെ പട്ടികവർഗത്തിൽപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ച മണിപ്പുർ ഹൈക്കോടതി ഉത്തരവിനെത്തുടർന്നുള്ള പ്രക്ഷോഭമാണ് സംസ്ഥാനത്തെ വംശീയ കലാപത്തിലേക്ക് നയിച്ചത്. സംഘർഷത്തിൽ ഇതുവരെ 220-ലധികം പേർക്ക് ജീവൻ നഷ്ടമായി. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. പതിനായിരങ്ങളാണ് ഭവനരഹിതരായത്‌.

ജാതിനോക്കാതെ വിവാഹിതരായ ഒട്ടേറെ കുടുംബങ്ങളെയും കലാപം വലിയതോതിൽ ബാധിച്ചു. സംഘർഷം വ്യാപിച്ചതോടെ അപായം മണത്ത് പരസ്പരം വേർപിരിഞ്ഞ് താമസിക്കേണ്ടി വന്ന ഇത്തരത്തിലുള്ളവർ ഏറെയാണ്.