പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

0
88

സംസ്ഥാനത്ത് കനത്ത ചൂട് കണക്കിലെടുത്ത് പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരും. സംസ്ഥാനത്ത് ഇന്നലെ 2 പേർ സൂര്യാഘാതമേറ്റ് മരിച്ചു. കടുത്ത ചൂടിനെ തുടർന്ന് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ മാസം ആറ് വരെ അവധിയാണ്. സംസ്ഥാനത്തെ തൊഴിൽ സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വലിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചില ജില്ലകളിൽ രാത്രി താപനില മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പാലക്കാട് ഇന്നലെ വീണ്ടും ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കൊല്ലം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസാണ് താപനില. അതേസമയം, ചൂടിന് ആശ്വാസമേകി വേനൽമഴ തുടരുമെന്നാണ് പ്രവചനം.

ഉഷ്ണതംരംഗ സാധ്യതയെ തുടർന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവൻ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് മേയ് 6 വരെ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. നിലവിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും.

കേരളത്തിലെ സാഹചര്യത്തിന് സമാനമായി തമിഴ്നാട്ടിലും കൊടുംചൂട് തുടരുകയാണ്. ചരിത്രത്തിൽ ആദ്യമായി ചൂട് കൂടിയതിനാൽ തമിഴ് നാട്ടിലെ ഏഴ് ജില്ലകളിൽ ഇന്നലെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടുമുണ്ട്. മൂന്ന് ദിവസത്തേക്കാണ് മുന്നറിയിപ്പുള്ളത്. കരൂർ പരമതിയിൽ ഇന്നലെ 44.3 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി.