യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ; റോഡുകളിൽ വെള്ളം കയറി വാഹനഗതാഗതം തടസ്സപ്പെട്ടു

0
200

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. അബുദാബിയിൽ അർധരാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ദുബായ്, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, ഷാർജ, അജ്മാൻ, ഫുജൈറ എമിറേറ്റുകളിലും കനത്ത മഴ ലഭിച്ചു. അബുദാബിയില്‍ അല്‍ ദഫ്‌റ, മദീനത്ത് സായിദ്, സിലാ മേഖലകളില്‍ വാദികള്‍ നിറഞ്ഞു. റാസൽഖൈമയിലെ കനത്ത മഴയിൽ പലയിടത്തും റോഡുകളിൽ വെള്ളം കയറി വാഹനഗതാഗതം തടസ്സപ്പെട്ടു.

ദുബായില്‍ ജബല്‍ അലി, അല്‍ ബര്‍ഷ, റാഷിദിയ, അന്താരാഷ്ട്ര വിമാനത്താവളം, അല്‍ നഹ്ദ എന്നിവിടങ്ങളില്‍ രാവിലെ ഭേദപ്പെട്ട മഴ പെയ്തു. വ്യാഴാഴ്ച രാത്രിവരെ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്. രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും ഇന്നും നാളെയും ഓണ്‍ലൈന്‍ വഴിയാണ് പഠനം. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ടു ദിവസത്തേക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാരെ സാഹചര്യം വിലയിരുത്തി വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

വിമാനയാത്രക്കാര്‍ക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ വിമാനത്താവളത്തിലെത്താന്‍ ശ്രമിക്കണമെന്നും റോഡുകളിലെ വെള്ളക്കെട്ടില്‍ കുടുങ്ങി വിമാനത്താവളങ്ങളിലേക്കുള്ള യാത്ര വൈകാനുള്ള സാഹചര്യം മുന്‍കൂട്ടി കാണണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിമാനങ്ങളുടെ സമയക്രമം ഓണ്‍ലൈന്‍ ആയി പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്.

ദുബായ് മെട്രോ ഇന്നും നാളെയും കൂടുതല്‍ സമയം സര്‍വീസ് നടത്തും. പുലര്‍ച്ചെ രണ്ടു മണിവരെയാണ് സര്‍വീസ് നടത്തുകയെന്ന് റോഡ്- ട്രാന്‍സ്‌പോര്‍ട് അതോറിറ്റി അറിയിച്ചു. രാജ്യത്തെ എല്ലാ പാര്‍ക്കുകളും ബീച്ചുകളും മലയോര മേഖലകളിലേക്കുള്ള റോഡുകളും താത്കാലികമായി അടച്ചിരിക്കുകയാണ്. മഴയും വെള്ളപ്പൊക്ക സാധ്യതയും പരിഗണിച്ച് വലിയ മാര്‍ക്കറ്റുകള്‍ അടച്ചിടാനും നിര്‍ദ്ദേശമുണ്ട്. വാദികളില്‍ പോകുന്നതിനും കര്‍ശന നിരോധനമുണ്ട്. വ്യാഴാഴ്ച രാത്രിവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

ശക്തമായ മഴയെ തുടര്‍ന്ന് ദുബായില്‍ നിന്നുമുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഇസ്താംബൂള്‍, നെയ്‌റോബി, കെയ്‌റോ, ജോഹന്നാസ്‌ബെര്‍ഡ്, ജോര്‍ദാന്‍ വിമാനങ്ങള്‍ റദ്ദാക്കി. എമിറേറ്റ്‌സ് എയര്‍ലൈന്‍ വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനത്താവളത്തിലേക്കുള്ള മറ്റ് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. യാത്രക്കാര്‍ ഓണ്‍ലൈന്‍ വഴി വിമാനങ്ങളുടെ സമയമാറ്റം പരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.