ചെലവ് ചുരുക്കലിൻ്റെ ഭാഗമായി നിരവധി ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിൾ

0
124

ആഗോള ടെക് ഭീമനായ ഗൂഗിൾ ചെലവ് ചുരുക്കലിൻ്റെ ഭാഗമായി നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു. ഏപ്രിൽ 25 ന് അതിൻ്റെ ആദ്യ പാദ വരുമാന റിപ്പോർട്ടിന് തൊട്ടുമുമ്പ്, ഗൂഗിൾ അതിൻ്റെ ‘കോർ’ ടീമിൽ നിന്ന് ഏകദേശം 200 ജീവനക്കാരെ പിരിച്ചുവിട്ടു. നേരത്തെ, ഫ്ലട്ടർ, ഡാർട്ട്, പൈത്തൺ ടീമിൽ നിന്ന് ഗൂഗിൾ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ബെംഗളൂരു, മെക്‌സികോ സിറ്റി, ഡുബ്ലിന്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായി പുനഃസംഘടന നടപടികളുമായി മുന്നോട്ടുപോകുമെന്ന് ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ കമ്പനി പറയുന്നു. ഗൂഗിളിന്റെ വെബ്‌സൈറ്റിന് സാങ്കേതിക അടിത്തറ നിര്‍മ്മിക്കുന്നത് കോര്‍ ടീം ആണ്. ഗൂഗിളിലെ ഡിസൈന്‍, ഡെവലപ്പര്‍ പ്ലാറ്റ്‌ഫോമുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ ഉത്തരവാദിത്തം കോര്‍ ടീമിനാണ്.

പിരിച്ചുവിട്ട തസ്തികകളില്‍ 50 പേരെങ്കിലും കാലിഫോര്‍ണിയയിലെ സണ്ണിവെയ്‌ലിലുള്ള കമ്പനിയുടെ ഓഫീസുകളിലെ എന്‍ജിനീയറിങ് വിഭാഗത്തിലുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ആഗോള സാന്നിധ്യം നിലനിര്‍ത്താനും ഉയര്‍ന്ന വളര്‍ച്ച നിലനിര്‍ത്താനും ഞങ്ങള്‍ ഉദ്ദേശിക്കുന്നു. അതുവഴി ഞങ്ങള്‍ക്ക് ഞങ്ങളുടെ പങ്കാളികളുമായും ഡവലപ്പര്‍ കമ്മ്യൂണിറ്റികളുമായും അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഗൂഗിള്‍ ഡെവലപ്പര്‍ ഇക്കോസിസ്റ്റം വൈസ് പ്രസിഡന്റ് അസിം ഹുസൈന്‍ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.