പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തി പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കേസെടുത്തു

0
160

പുതുക്കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തി പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കേസെടുത്തു. മർദിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉൾപ്പെടെ രണ്ട് കേസുകൾ എടുത്തിട്ടുണ്ട്. പ്രതികളായ നബിൻ, കൈഫ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ബന്ധുക്കൾ പോലീസിനെ ബന്ദികളാക്കി ഇവരെ ജീപ്പിൽ നിന്ന് രക്ഷപ്പെടുത്തി.

കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയാണ് സംഭവം. സ്ഥലത്ത് ഇരുസംഘങ്ങള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്നാണ് കഠിനംകുളം പൊലീസ് സ്ഥലത്തെത്തുന്നത്. സ്ഥലത്തുണ്ടായിരുന്ന സഹോദരങ്ങളായ രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍, പൊലീസിനെ നാട്ടുകാരും യുവാക്കളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ പ്രതികളുടെ വിലങ്ങ് അഴിച്ച് വിട്ടുകൊടുത്തു.

പൊലീസുകാരെ ബന്ദിയാക്കിയതറിഞ്ഞ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം തുടര്‍ന്ന് സ്ഥലത്തെത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. പൊലീസെത്തി പ്രതികളെ വീണ്ടും പിടികൂടാൻ ശ്രമിച്ചെങ്കിലും പിന്‍വാങ്ങുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നതും പ്രതികളെ പിടികൂടിയിരിക്കുന്നതും.