പതഞ്ജലിയെ വിടാതെ പിന്തുടർന്ന് സുപ്രീം കോടതി; മാപ്പ് പറഞ്ഞ പത്ര പേജ് ഹാജരാക്കാൻ ആവശ്യപ്പെട്ടു

0
115

പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ബാബാ രാംദേവും പതഞ്ജലിയുടെ എംഡി ആചാര്യ ബാലകൃഷ്ണയും പരസ്യമായി മാപ്പ് പറഞ്ഞുവെന്ന് അവകാശപ്പെടുന്ന പത്രങ്ങളുടെ യഥാർഥ പേജ് ഹാജരാക്കാൻ അഭിഭാഷകരോട് സുപ്രീകോടതി ആവശ്യപ്പെട്ടു.

പതഞ്ജലി ആയുര്‍വേദ നടത്തിയ ക്ഷമാപണത്തിൽ സഹസ്ഥാപകൻ രാംദേവിന്റെ പേരുൾപ്പെടുത്തിയത് പ്രകടമായ പുരോ​ഗതിയാണെന്ന് ഹിമ കോലി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. നേരത്തെ പരസ്യത്തിൽ പതഞ്ജലി എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിലവിൽ പേരുകൾ ഉൾപ്പെടുത്തിയതിനെ അഭിനന്ദിക്കുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നേരത്തെ, പതഞ്ജലി ആയുര്‍വേദ മാപ്പ് പറഞ്ഞുകൊണ്ട് പത്രത്തില്‍ നല്‍കിയ ചെറിയ പരസ്യത്തില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന അവകാശങ്ങള്‍ ഉള്‍പ്പെട്ട പരസ്യത്തിന്റെ അത്രയും വലിപ്പം ഉള്ളതായിരിക്കണം മാപ്പുപറഞ്ഞുകൊണ്ടുള്ള അറിയിപ്പെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

പതഞ്ജലിയുടെ നിയമലംഘനങ്ങൾക്കെതിരെ നിഷ്‌ക്രിയമായി നിലകൊണ്ടെന്ന് ചൂണ്ടിക്കാട്ടി ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിങ് അതോറിറ്റിയേയും കോടതി വിമർശിച്ചു. അതോറിറ്റിയുടെ വിശദീകരണത്തിൽ കോടതി അതൃപ്തി അറിയിക്കുകയും ചെയ്തു. കോടതിയിൽനിന്ന് സഹതാപം വേണമെങ്കിൽ കോടതിയോട് സത്യസസന്ധത പുലർത്തണം. ഏപ്രിൽ പത്തിലെ സുപ്രീംകോടതി ഉത്തരവിന് ശേഷമാണ് അതോറിറ്റി നടപടിയെടുത്തതെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനേയും (ഐ.എം.എ) ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനേയും സുപ്രീംകോടതി വിമർശിച്ചത് ദൗർഭാ​ഗ്യകരമാണെന്ന ഐ.എം.എ പ്രസിഡൻ്റ് ആർ. വി അശോകന്റെ പരാമർശങ്ങളേയും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. തങ്ങൾ ഏത് വഴിയാണ് പോകേണ്ടതെന്ന് ഐ.എം.എ എങ്ങിനെ തീരുമാനിക്കുമെന്ന് കോടതി ചോദിച്ചു.

പതഞ്ജലിക്ക് നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ ശേഷിക്കുന്ന നാല് വിരലുകൾ ഐ.എം.എ.യുടെ നേർക്ക് ചൂണ്ടുകയാണെന്ന സുപ്രീംകോടതിയുടെ നീരീക്ഷണത്തിൽ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പ്രതികരിക്കുന്നതിനിടെയായിരുന്നു ആർ.വി അശോകന്റെ പരാമർശങ്ങൾ.