വയനാട് പനമരം ഇരട്ടക്കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. വയോധികരായ ദമ്പതിമാരെ അതിദാരുണമായി വെട്ടിക്കൊന്നത് അയല്‍ക്കാരനായ യുവാവാണെന്ന് പോലീസ് തെളിയിച്ചത് നൂറുദിവസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ്. നാട്ടുകാരെ ഞെട്ടിച്ച വാർത്തയായിരുന്നു ഇത്. ഒടുവില്‍ രണ്ടരവര്‍ഷങ്ങള്‍ക്കിപ്പുറം പ്രതിക്ക് കോടതി വധശിക്ഷയും വിധിച്ചു.
2021 ജൂണ്‍ പത്താം തീയതി രാത്രിയാണ് വയനാട് പനമരം നെല്ലിയമ്പം ‘പത്മാലയ’ത്തില്‍ കേശവന്‍ (75) ഭാര്യ പത്മാവതി(65) എന്നിവര്‍ കൊല്ലപ്പെട്ടത്. വെട്ടേറ്റ കേശവന്‍ സംഭവസ്ഥലത്തുവെച്ചും ഭാര്യ പത്മാവതി മണിക്കൂറുകള്‍ക്കുള്ളില്‍ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.
2021 സെപ്റ്റംബര്‍ 17-നാണ് കേസിലെ പ്രതിയും ദമ്പതിമാരുടെ അയല്‍വാസിയുമായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അര്‍ജുന്‍(27) പോലീസിന്റെ പിടിയിലായത്. മോഷണശ്രമത്തിനിടെയാണ് അര്‍ജുന്‍ വയോധിക ദമ്പതിമാരെ കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. 2023 ഡിസംബറില്‍ വിചാരണ പൂര്‍ത്തിയായ കേസില്‍ ഒടുവില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു.