ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒന്നരമാസത്തെ വാശിയേറിയ പ്രചരണങ്ങൾക്ക് ശേഷമാണ് കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്.
കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്ക് 194 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.2.77 കോടി വോട്ടര്‍മാരാണുള്ളത്. വോട്ടെടുപ്പിനായി 25,328 പോളിംഗ് ബൂത്തുകളാണ് സജ്ജെകരിച്ചിട്ടുള്ളത്. വോട്ടെടുപ്പ് സമാധാന പൂര്‍ണമാക്കാന്‍ കേരള പൊലീസും കേന്ദ്ര സേനയും രംഗത്തുണ്ട്. 66,303 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. പ്രശ്ന ബാധിത ബൂത്തുകളിൽ രണ്ടു മുഴുവൻ സമയ ക്യാമറകളും, മറ്റിടങ്ങളിൽ ഒന്നും വീതം ഉണ്ടാകും.
ഉഷ്ണതരംഗം കണക്കിലെടുത്ത് ബീഹാറിലെ അഞ്ചു മണ്ഡലങ്ങളിൽ വോട്ടിംഗ് സമയം രാവിലെ എഴുമുതൽ വൈകീട്ട് ആറുവരെയായി പുനക്രമീകരിച്ചിട്ടുണ്ട്. 1210 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള, കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ശോഭാ കരന്തലജെ, ഗജേന്ദ്രസിങ് ഷെഖാവത്ത്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി,രാഹുൽ ഗാന്ധി,ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍,തുടങ്ങിയവരാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.ഒന്നാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമ സംഭവങ്ങൾ ഉണ്ടായ മണിപ്പൂരിൽ 4,000 സംസ്ഥാന സായുധ പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ 87 കമ്പനി കേന്ദ്ര സായുധ പോലീസ് സേനയെയും പോളിംഗ് സ്റ്റേഷനുകളിൽ വിന്യസിച്ചിട്ടുണ്ട്.