കളളവോട്ട് ചെയ്യുന്നത് റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ മാധ്യമപ്രവർത്തകാരെ ആക്രമിച്ച് യുഡിഎഫ് പ്രവര്‍ത്തകർ

0
134

കാസര്‍ഗോഡ് ചെര്‍ക്കള ഗവണ്‍മെന്‍റ് ഹൈസ്ക്കൂളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് ചെയ്യാന്‍ നടത്തിയ ശ്രമം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിൽ മാധ്യമപ്രവർത്തകർക്ക് നേരെ യുഡിഎഫ് പ്രവര്‍ത്തകരുടെ ആക്രമണം.

കൈരളി ന്യൂസ് റിപ്പോർട്ടർ ഷിജു കണ്ണൻ, ചാനലിൻ്റെ ക്യാമറാമാൻ ഷൈജു പിലാത്തറ, മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ സാരംഗ്, മാതൃഭൂമി പത്ര റിപ്പോർട്ടർ പ്രദീപ് ജി എൻ എന്നിവർക്കാണ് മർദനമേറ്റത്.

കാസര്‍ഗോഡ് ജില്ലയിലെ ചെര്‍ക്കള ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിലാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് നടത്താന്‍ ശ്രമം നടത്തിയത്. ബൂത്തിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കി. എൽഡിഎഫ് ബൂത്ത് ഏജന്‍റിനെ പുറത്താക്കി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി എത്തിയതായിരുന്നു വാര്‍ത്താ സംഘം.

ദൃശ്യങ്ങൾ പകര്‍ത്തുകയായിരുന്ന ക്യാമറാമാനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പൊലീസിന്‍റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് പ്രവര്‍ത്തകരുടെ ക്രൂരരമായ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്.