മലയിൻകീഴില്‍ വോട്ടെടുപ്പ് ദിനത്തില്‍ ബൂത്തിന് സമീപത്ത് നിന്നായി ഉപേക്ഷിച്ച നിലയില്‍ പണം കണ്ടെത്തി

0
114

മലയിൻകീഴില്‍ വോട്ടെടുപ്പ് ദിനത്തില്‍ ബൂത്തിന് സമീപത്ത് നിന്നായി ഉപേക്ഷിച്ച നിലയില്‍ പണം കണ്ടെത്തി. മലയിൻകീഴ് മച്ചേൽ എൽപി സ്കൂളിൽ 112 ബൂത്തിന് സമീപത്ത് പടിക്കെട്ടിലായി ഉപേക്ഷിച്ച നിലയില്‍ 51,000 രൂപ കണ്ടെത്തുകയായിരുന്നു.

500ന്‍റെ നോട്ടുകളാണ് അധികവുമുള്ളത്. മൂന്നാല് നോട്ടുകള്‍ മാത്രം 200ന്‍റെയും 100ന്‍റെയുമുണ്ട്. രാവിലെ 8:30ഓടെ ബൂത്തില്‍ വോട്ട് ചെയ്യാൻ വരിയില്‍ നില്‍ക്കുകയായിരുന്ന ആളാണ് പണം ആദ്യം കണ്ടത്. പിന്നാലെ മറ്റുള്ളവരും സംഭവം അറിഞ്ഞു.

തുടര്‍ന്ന് പഞ്ചായത്തംഗത്തെ വിവരമറിയിക്കുകയായിരുന്നു. ഇദ്ദേഹം ഇലക്ഷൻ സ്ക്വാഡിനെ വിവരമറിയിച്ചു. വൈകാതെ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ച് മഹസര്‍ തയ്യാറാക്കി തുക മലയിൻകീഴ് ട്രഷറിയിലേക്ക് മാറ്റി.

രാവിലെയാണ് സംഭവമുണ്ടായതെങ്കിലും ഇതുവരെ പണം നഷ്ടപ്പെട്ടുവെന്ന് കാണിച്ച് ആരുമെത്തിയിട്ടില്ല. വോട്ട് ചെയ്യാനെത്തിയ ആരുടെയെങ്കിലും കൈവശം നിന്ന് വീണുപോയതാകാനും മതി. അതേസമയം മറ്റേതെങ്കിലും വഴിയാണോ തുക അവിടെയെത്തിയത് എന്ന കാര്യവും അന്വേഷിക്കപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പണം കണ്ടെത്തുന്നത്, പ്രത്യേകിച്ച് പോളിങ് ബൂത്തിന് സമീപത്ത് നിന്ന് കണ്ടെത്തുന്നത് ഏറെ പ്രാധാന്യമുള്ള സംഭവം തന്നെ.