ഐ.എസ്.എൽ; ഇവാൻ വുകോമനോവിച്ച് മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞു

0
226

ഐ.എസ്.എലിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞ് ഇവാൻ വുകോമനോവിച്ച്. ക്ലബും വുകോമനോവിച്ചും തമ്മിൽ പരസ്പരധാരണയോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. വുകോമനോവിച്ച് നൽകിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച ബ്ലാസ്‌റ്റേഴ്‌സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം പങ്കുവെച്ചത്.

ഐ.എസ്.എൽ. സീസണിൽ സെമി കാണാതെ ബ്ലാസ്റ്റേഴ്‌സ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനമൊഴിയൽ. 2021-ലാണ് സെർബിയയുടെ മുൻ താരമായ വുകോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇവാന്റെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനങ്ങൾ നടത്തി. മൂന്നുവർഷം തുടർച്ചയായി ഐ.എസ്.എൽ. പ്ലേ ഓഫിലെത്താൻ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞു. ഇവാൻ സ്ഥാനമേറ്റെടുത്ത ആദ്യ വർഷം റണ്ണേഴ്‌സ് അപ്പാവുകയും ചെയ്തു.

ഇവാന്റെ വരവോടെ, പോയിന്റുകളുടെ കണക്കിലും ഗോൾ സ്‌കോറുകളുടെ കണക്കിലും ബ്ലാസ്‌റ്റേഴ്‌സ് ബഹുദൂരം മുന്നേറി. 2022-ലാണ് ബ്ലാസ്‌റ്റേഴ്‌സ് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്.