ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രയിലെ തെലുങ്ക് ദേശം സ്ഥാനാര്‍ത്ഥി പെമ്മസാനി ചന്ദ്രശേഖർ ഏറ്റവും ധനികൻ. മൊത്തത്തിൽ ഉള്ളത് 5785 കോടിയുടെ ആസ്തി. വ്യക്തിഗത ആസ്തി 2448.72 കോടി രൂപയാണെന്നും ഭാര്യയുടെ പേരില്‍ 2343.78 കോടി രൂപയുടെയും മക്കളുടെ പേരില്‍ ഏകദേശം 1000 കോടി രൂപയുടെയും സ്വത്തുക്കളുണ്ടെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി
യുഎസിലെ ജെപി മോര്‍ഗന്‍ ചേസ് ബാങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് 1138 കോടി രൂപയുടെ ബാധ്യതയുണ്ട്. ഭാര്യയുമൊപ്പമുള്ള ജോയിന്റ് ഫയലിംഗില്‍ 2022 ജനുവരി മുതല്‍ ഡിസംബര്‍ വരെ യുഎസില്‍ 605.57 കോടി രൂപയുടെ നികുതി അദ്ദേഹം നൽകിയിട്ടുണ്ട്. യുഎസ് ആസ്ഥാനമായുള്ള നിരവധി സ്ഥാപനങ്ങളില്‍ അദ്ദേഹത്തിന് നിക്ഷേപങ്ങളും ഓഹരികളുമുണ്ട്.
1999ല്‍ വിജയവാഡയിലെ എന്‍ടിആര്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ചന്ദ്രശേഖർ ഇന്റേണല്‍ മെഡിസിനില്‍ എംഡിയും എടുത്തിട്ടുണ്ട്. പെന്‍സില്‍വാനിയയിലെ ജെയ്‌സിങ്ങര്‍ മെഡിക്കല്‍ സെന്ററില്‍ നിന്നാണ് 2005-ല്‍ അദ്ദേഹം എംഡി എടുത്തത്. തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ കെ വെങ്കട്ട റോസയ്യയാണ് ചന്ദ്രശേഖറിന്റെ എതിരാളി.