മണിപ്പൂരിൽ കാര്യമായ മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായതായി യുഎസ്; റിപ്പോർട്ട് തീർത്തും പക്ഷപാതപരമെന്ന് ഇന്ത്യ

0
185

ഇന്ത്യയെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ വാർഷിക മനുഷ്യാവകാശ റിപ്പോർട്ടിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം. റിപ്പോർട്ട് തികച്ചും പക്ഷപാതപരവും മോശം പ്രതീതി സൃഷ്ടിക്കുന്നതുമാണെന്ന് മന്ത്രാലയം പ്രതികരിച്ചു. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന യുഎസ് റിപ്പോർട്ട് ഇന്ത്യ വിലകല്പിക്കില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

“ഈ റിപ്പോർട്ട് ആഴത്തിലുള്ള പക്ഷപാതപരവും ഇന്ത്യയെക്കുറിച്ചുള്ള മോശം ധാരണയെ പ്രതിഫലിപ്പിക്കുന്നതുമാണ്. ഞങ്ങൾ അതിന് ഒരു വിലയും കല്പിക്കുന്നില്ല” മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ടിനെക്കുറിച്ച് എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു.

കഴിഞ്ഞ വർഷം രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ കാര്യമായ മനുഷ്യാവകാശ ലംഘനങ്ങളും ദുരുപയോഗങ്ങളും നടന്നുവെന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കും പത്രപ്രവർത്തകർക്കും വിയോജിപ്പുള്ള ശബ്ദങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളും ഉണ്ടായിയെന്നും യുഎസിന്റെ മനുഷ്യാവകാശ വിലയിരുത്തലിൽ കണ്ടെത്തിയിരുന്നു. ഇതിനെതിരെയാണ് കേന്ദ്ര സർക്കാരിന്റെ വിമർശനം.