അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസിൽ നടി തമന്നയ്ക്ക് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം താരത്തിന് നോട്ടീസ് അയച്ചു. മഹാരാഷ്ട്ര സൈബർ വിംഗ് ഏപ്രിൽ 29ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് തമന്നയോട് ആവശ്യപ്പെട്ടത്.
കുപ്രസിദ്ധ വാതുവെപ്പ് ആപ്പായ മഹാദേവ് ബെറ്റിങ് ആപ്പിന്റെ മറ്റൊരു സംരംഭമായ ഫെയർപ്ലേ ആപ്പിൽ ഐപിഎൽ 2023 നിയമവിരുദ്ധമായി സ്ട്രീം ചെയ്‌ത സംഭവത്തിലാണ് നടപടിയെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. കേസിൽ സാക്ഷിയായാണ് തമന്നയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് വിവരം.ചില ഐപിഎൽ മത്സരങ്ങൾ ആപ്പിൽ നിയമവിരുദ്ധമായി സ്ട്രീം ചെയ്‌തുവെന്നാണ് പരാതിയിൽ പറയുന്നത്.
കേസിൽ ഗായകൻ ബാദ്ഷായുടെയും സിനിമാ താരങ്ങളായ സഞ്ജയ് ദത്തിന്റെയും ജാക്വലിൻ ഫെർണാണ്ടസിന്റെയും മാനേജർമാരുടെ മൊഴി മഹാരാഷ്ട്ര സൈബർ സെൽ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് തമന്നയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ഐപിഎൽ സംപ്രേഷണ അവകാശം കോടികൾ മുടക്കി സ്വന്തമാക്കിയ വയാകോം ഗ്രൂപ്പാണ് പരാതിയുമായി മുന്നോട്ട് പോയത്. അനധികൃത സംപ്രേക്ഷണത്തിലൂടെ കോടികളുടെ നഷ്‌ടമാണ് കമ്പനിക്ക് ഉണ്ടായതെന്നാണ് അവർ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്.