സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മാപ്പ് പറഞ്ഞ് പുതിയ പരസ്യവുമായി യോഗ ഗുരു ബാബാ രാംദേവ്

0
103

സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മാപ്പ് പറഞ്ഞ് പുതിയ പരസ്യവുമായി യോഗ ഗുരു ബാബാ രാംദേവ്. പതഞ്ജലി ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് ഇത്തവണ ക്ഷമാപണം വലുതാണ്. പരസ്യം ചെറുതായിരിക്കരുതെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. പരസ്യത്തിൽ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണനും നിരുപാധികം മാപ്പ് പറഞ്ഞിട്ടുണ്ട്.

വ്യക്തിപരമായും പതഞ്ജലി ആയുർവേദയുടെ പേരിലുമാണ് മാപ്പ് അപേക്ഷ. തെറ്റ് ഇനി ആവർത്തിക്കില്ലെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഹിമ കോഹ്‍ലിക്കും അഹ്സുദ്ദീൻ അമാനുള്ളക്കും മുൻപാകെ 67 പത്രങ്ങളിൽ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചുവെന്നും ഇതിനു 10 ലക്ഷം രൂപ ചെലവായെന്നും രാംദേവ് അറിയിച്ചിരുന്നു. കൂടുതൽ പരസ്യം പ്രസിദ്ധീകരിക്കാൻ തയാറാണെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. പിന്നാലെ പതഞ്ജലി പ്രസിദ്ധീകരിച്ച മാപ്പപേക്ഷ മൈക്രോസ്‌കോപ്പ് വച്ചു നോക്കേണ്ടി വരുമോയെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. പതഞ്ജലി ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ നല്‍കുന്ന വലുപ്പത്തിലാണോ മാപ്പ് പ്രസിദ്ധീകരിച്ചതെന്നും കോടതി ചോദിച്ചു.

പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുടെ പകര്‍പ്പുകള്‍ ഹാജരാക്കാത്തതിനും കോടതി പതഞ്ജലിയുടെ അഭിഭാഷകനെ ശാസിച്ചു. അടുത്ത തവണ ഇവയെല്ലാം ഹാജരാക്കണമെന്നും നിര്‍ദേശിച്ചു. എന്തു വലുപ്പത്തിലാണു മാപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നു തങ്ങള്‍ക്കു കാണണം. മാപ്പ് പ്രസിദ്ധീകരിച്ചത് മൈക്രോ സ്‌കോപ്പ് വച്ചു നോക്കി കണ്ടുപിടിക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. ഇതിനുപിന്നാലെയാണ് ഇന്നത്തെ പത്രങ്ങളിൽ പുതിയ പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.