ലേഡീസ് കമ്പാർട്ടുമെൻ്റിൽ ഇരുന്നത് ചോദ്യം ചെയ്തതിന് വനിത ടിടിഇയെ ആക്രമിച്ചു

0
129

ട്രെയിനിൽ ടിടിഇക്ക് നേരെ വീണ്ടും അക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിൽ വനിത ടിടിഇയെ കൈയേറ്റം ചെയ്യാൻ ശ്രമം നടന്നു. ലേഡീസ് കമ്പാർട്ടുമെൻ്റിൽ ഇരുന്നത് ചോദ്യം ചെയ്തതിനാണ് ക്രൂരത. തിരുവനന്തപുരത്ത് നിന്ന് പോയതിന് ശേഷമായിരുന്നു സംഭവം. പ്രതിയെ പിടികൂടി കായംകുളം ആർപിഎഫിന് കൈമാറി.

അതേസമയം, ആർപിഎഫിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ രംഗത്തെത്തി. വളരെ ലാഘവത്തോടെയാണ് റെയിൽവേ പൊലീസ് പെരുമാറിയതെന്നാണ് ആരോപണം. കൊല്ലം സ്റ്റേഷനിൽ എത്തിയപ്പോൾ രണ്ട് പൊലീസുകാർ വന്നു. പ്രതിയോട് കാര്യങ്ങൾ ചോദിച്ച ശേഷം ഇറങ്ങിപ്പോയി. പ്ലാറ്റ്ഫോം ഡ്യൂട്ടിയാണ് വേറെ ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ് അവര്‍ പറഞ്ഞത്. ട്രെയിനിൽ കൂടെ വരാൻ പോലും അവര്‍ തയ്യാറായില്ലെന്നും വനിതാ ടിടിഇ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതി ലേഡീസ് കമ്പാർട്ട്‌മെന്റിലാണ് യാത്ര ചെയ്തിരുന്നത്. പരാതിയെ തുടർന്ന് ടിടിഇ എത്തി ചോദ്യം ചെയ്തതോടെയാണ് കൈയേറ്റമുണ്ടായത്. കമ്പാർട്ട്‌മെന്റിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതിരുന്ന യാത്രക്കാരൻ വനിത ടിടിഇയുമായി തർക്കിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി. ടിടിഇയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്താനും ഇയാൾ ശ്രമിച്ചു. തുടർന്ന് കായംകുളത്ത് വച്ച് ആർപിഎഫ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.