വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മകൾ നിമിഷിപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി

0
31

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകൾ നിമിഷിപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സനാ ജയിലിലെത്താൻ ജയിൽ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. നീണ്ട 11 വർഷങ്ങൾക്ക് ശേഷമാണ് അമ്മയും മകളും കണ്ടുമുട്ടുന്നത്.

ശനിയാഴ്ചയാണ് പ്രേമകുമാരിയും ആക്‌ഷൻ കൗൺസിൽ ഭാരവാഹിയും യെമൻ വ്യവസായിയുമായ സാമുവൽ ജെറോമും കൊച്ചിയിൽ നിന്ന് യെമൻ്റെ തലസ്ഥാനമായ ഏദനിലേക്ക് വിമാനം കയറിയത്. ഹൂതികളുടെ ആധിപത്യമുള്ള പ്രദേശമായ സനയിലാണ് നിഹിമിപ്രിയയെ തടവിലാക്കിയിരിക്കുന്നത്. അവിടേക്ക് പോകാനുള്ള അനുവാദം വാങ്ങിയാണ് പോയത്.

എയ്ഡനിൽനിന്ന് റോഡുമാർഗം 12 മണിക്കൂർ യാത്ര ചെയ്ത് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ഇരുവരും സനയിലെത്തി. കൊല്ലപ്പെട്ട യെമെൻ പൗരന്റെ കുടുംബത്തെയും കാണും. മൂന്നുമാസത്തെ യെമെൻ വിസയാണ് പ്രേമകുമാരിക്ക് ലഭിച്ചിട്ടുള്ളത്.

മകളെ കാണണമെന്ന പ്രേമകുമാരിയുടെ ആവശ്യത്തിന് നേരത്തേ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഡൽഹി ഹൈക്കോടതിയാണ് യാത്രയ്ക്ക് അനുമതി നൽകിയത്. ഇതോടെയാണ്‌ ആക്ഷൻ കൗൺസിൽ മുൻകൈയെടുത്ത് വിസ തരപ്പെടുത്തിയത്. കിഴക്കമ്പലത്തെ ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയാണ് പ്രേമകുമാരി.