തിരുവല്ലയില്‍ യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി റോഡില്‍ ഉപേക്ഷിച്ചു

0
109

തിരുവല്ലയില്‍ കുറ്റപ്പുഴക്ക് സമീപം കാറില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി റോഡില്‍ ഉപേക്ഷിച്ചു. തൃശ്ശൂര്‍ മണ്ണുത്തി തത്ത്യാലിക്കല്‍ ശരത് (23)നാണ് മര്‍ദനമേറ്റത്.

ഇയാള്‍ സഞ്ചരിച്ച കാറും സംഘം അടിച്ചു തകര്‍ത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മാന്താനം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററാണ് ശരത്.

റോഡരികില്‍ അവശനിലയില്‍ കണ്ട ശരത്തിനെ നാട്ടുകാര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവല്ല സ്വദേശിയായ ഗുണ്ടാ നേതാവും സംഘവും ആണ് തന്നെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതെന്ന് ശരത് പറഞ്ഞു. മണ്ണ് മാഫിയകള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.