കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥികൾക്കായുള്ള നൂറ് കോടിയുമായി ഹവാലക്കാരൻ രാജ്യം വിട്ടെന്ന് ദല്ലാൾ നന്ദകുമാർ

0
122

എൻഡിഎ സ്ഥാനാർത്ഥികൾക്ക് നൽകാൻ നൂറ് കോടി രൂപയുമായി കേരളത്തിലേക്ക് പുറപ്പെട്ട ഹവാലക്കാരൻ രാജ്യം വിട്ടുവെന്ന ആരോപണവുമായി ദല്ലാൾ നന്ദകുമാർ. ഓരോ സ്ഥാനാർത്ഥിക്കും അഞ്ച് കോടി രൂപയുണ്ടെന്നും എന്നാൽ സംസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ഇയാൾ രാജ്യം വിട്ടെന്നും ഇതുമൂലം പല മണ്ഡലങ്ങളിലും പ്രചാരണത്തിന് എൻഡിഎ സ്ഥാനാർത്ഥികളുടെ പക്കൽ പണമില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ കൈയിൽ നിന്ന് എൻ.ഡി.എ. സ്ഥാനാർഥി ശോഭ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ വാങ്ങിച്ചുവെന്നും തിരിച്ചു തന്നില്ലെന്നും നന്ദകുമാർ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണത്തെ സാധൂകരിക്കുന്നത് എന്ന് അവകാശപ്പെടുന്ന ബാങ്ക് രസീതും അദ്ദേഹം പത്രസമ്മേളനത്തിൽ ഉയർത്തിക്കാണിച്ചിരുന്നു. അനിൽ ആന്റണിക്കെതിരേയും അദ്ദേഹം ആരോപണങ്ങളുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നൂറു കോടി രൂപയുമായി കേരളത്തിൽ എത്തിയ ഹവാലക്കാരൻ രാജ്യം വിട്ടുവെന്ന് ഡൽഹിയിൽ വെച്ച് അദ്ദേഹം ആരോപിച്ചത്.

എന്റെ പണം തരണമെന്ന് ശോഭാ സുരേന്ദ്രന്റെ സന്തത സഹചാരികളോട് പറഞ്ഞു. തെരെഞ്ഞെടുപ്പ് വരുമ്പോൾ പണം തരാം എന്നാണ് അവർ പറഞ്ഞത്. കോൺഗ്രസിന്റെ അക്കൗണ്ട് പൂട്ടിച്ചു പണമില്ലാതെയാക്കി. ഇതിനൊപ്പം തന്നെ കേരളത്തിൽ ബി.ജെ.പിയുടെ പണം വരുന്ന അക്കൗണ്ടും പൂട്ടിപ്പോയി. അതുകാരണം അവർക്ക് പണം വന്നില്ല. കേരളത്തിലേക്ക് സ്ഥാനാർഥികൾക്കയച്ച പണവും എത്തിയില്ല. കൊടകരയിൽ അല്ല, കൊടകരയ്ക്ക് മുമ്പ് വെച്ച് ആ പണം പോയി. അത് എത്തിയിരുന്നെങ്കിൽ എന്റെ 10 ലക്ഷം കിട്ടിയേനെയെന്ന് അദ്ദേഹം ആരോപിച്ചു. ഓരോ സ്ഥാനാർഥിക്കും 5 കോടി രൂപ വീതമാണ് എത്തിച്ചതെന്നും ഇത് എവിടെ പോയി എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹവാല മാർഗത്തിലൂടെയാണ് പണം എത്തിക്കാൻ ശ്രമിച്ചത്‌. കേരളത്തിലേക്ക് പണവുമായെത്തിയ ഹവാലക്കാരൻ ഇന്ത്യ വിട്ടുപോയെന്നും ടി.ജി. നന്ദകുമാർ ആരോപിച്ചു. ഈ സംഭവം തെരെഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.