രാജസ്ഥാനിൽ നരേന്ദ്ര മോദി നടത്തിയ പ്രസംഗം രാജ്യവിരുദ്ധം; മുഖ്യമന്ത്രി പിണറായി വിജയൻ

0
145

രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം രാജ്യവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വിഭാഗത്തെ അകറ്റി നിർത്താനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മുസ്ലീം സമുദായത്തെ പേരെടുത്ത് വിളിച്ച് അധിക്ഷേപിക്കുന്നതിനെ അദ്ദേഹം വിമർശിച്ചു.

എങ്ങനെയാണ് രാജ്യത്തിൻ്റെ സന്തതികൾ നുഴഞ്ഞുകയറ്റുക്കരാകുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്വാതന്ത്ര്യ സമരത്തിൽ നിന്ന് മുസ്ലിങ്ങളെ മാറ്റിനിർത്താൻ കഴിയുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്ലിംകൾക്ക് വീതിച്ചുനൽകുമെന്നും കടന്നുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നുമായിരുന്നു മോദിയുടെ പ്രസംഗം.

പ്രസംഗം വിവാദമായതിന് പിന്നാലെ പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കടുത്ത നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജസ്ഥാൻ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് മുസ്ലിം ക്ഷേമ പദ്ധതികൾ വിശദീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയത്. അലിഗഢിലെ റാലിയിലാണ് മുസ്ലിം ക്ഷേമം ഉറപ്പാക്കിയെന്ന് നരേന്ദ്ര മോദി പ്രസംഗിച്ചത്.