‘കേന്ദ്രം രാമഭക്തരാണ് നയിക്കുന്നതെന്ന് ഉറപ്പാക്കണം’; മതത്തിൻ്റെ പേരിൽ വോട്ട് ചോദിച്ച് ബിജെപി

0
109

കേന്ദ്രം രാമഭക്തരാണ് നയിക്കുന്നതെന്ന് ഉറപ്പാക്കാൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഹിന്ദു പുരോഹിതരുടെയും സന്യാസിമാരുടെയും മെഗാ കോൺക്ലേവിൽ വെച്ചാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കാൻ ഒരു മാസം മാത്രം ശേഷിക്കെ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം ആഘോഷിക്കുന്നതിനും ഹിന്ദു പുതുവത്സരം ആഘോഷിക്കുന്നതിനുമായി ബിജെപി നടത്തിയ പരിപാടിയാണിത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ഡൽഹിയിലെ ബിജെപി സ്ഥാനാർത്ഥികളും കൂടാതെ ആയിരക്കണക്കിന് ഹിന്ദു പുരോഹിതരും സന്യാസിമാരും സമ്മേളനത്തിൽ പങ്കെടുത്തു.

“പുതിയ ഇന്ത്യയുടെ” ഭാഗമായതിന് സദസ്സിനെ അഭിനന്ദിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, ഈ തിരഞ്ഞെടുപ്പിലെ ഓരോ വോട്ടും പ്രധാനമാണെന്നും ഇത് ദില്ലിയെയും കേന്ദ്രത്തെയും രാമഭക്തർ നയിക്കാനുള്ള സാധ്യതകളെ ഉറപ്പിക്കുമെന്നും പറഞ്ഞു.