പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കുമെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരെ സംസാരിക്കുമ്പോൾ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ നേട്ടമുണ്ടാക്കാനാകില്ലെന്നറിഞ്ഞുകൊണ്ടാണ് ഇരുവരും കള്ളപ്രചാരണം നടത്തുന്നതെന്നും മോദിയെയും സംഘപരിവാറിനെയും നേരിട്ട് നേരിടാതെ രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ നിന്ന് ഒളിച്ചോടിയെന്നും മുഖ്യമന്ത്രി വിമർശിച്ചു.
‘നരേന്ദ്ര മോദി പറയുന്നു ഞങ്ങൾ വിമർശിക്കുന്നതിനേക്കാൾ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും ഇടതുപക്ഷം വിമർശിക്കുന്നുവെന്ന്. നരേന്ദ്ര മോദി, നിങ്ങളുടെ അജണ്ടകൾക്കൊപ്പം നിൽക്കുമ്പോൾ കോൺഗ്രസിനെ നിങ്ങൾ എന്തിന് എതിർക്കണം ? ഈ രാജ്യം കോൺഗ്രസിൽ നിന്ന് അതല്ല പ്രതീക്ഷിക്കുന്നത്. ആ ഭാഗം തുറന്നുകാട്ടുകയാണ് ഞങ്ങൾ ചെയ്യുന്നത്. മാറ്റം കോൺഗ്രസിനാണ് വരേണ്ടത്. പക്ഷേ മാറ്റത്തിന്റെ രീതിയിലല്ല അവർ മുന്നോട്ട് പോകുന്നത്. അവർ കൂടുതൽ കൂടുതൽ സംഘപരിവാർ മനസ്സിലേക്ക് പോവുകയാണ്. നരേന്ദ്ര മോദി, കോൺഗ്രസ് ഒപ്പം നിൽക്കാനുള്ള മനസ്സ് കാണിക്കുമ്പോൾ നിങ്ങൾക്ക് നല്ല സന്തോഷമല്ലേ ? നിങ്ങൾ വിമർശിക്കേണ്ട കാര്യമില്ലല്ലോ..’ – മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷത ദുർബലപ്പെടുന്നതിനെ തങ്ങൾ ഗൗരവത്തിൽ കാണുന്നുവെന്നും കോൺഗ്രസിന് എന്തു കൊണ്ടാണ് സംഘപരിവാർ മനസ്സ് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തങ്ങൾ മതനിരപേക്ഷതയുടെ സംരക്ഷണമാണ് ലക്ഷ്യമിടുന്നത്. ആപത് കാലത്ത് സഹായിക്കാത്ത മോദിയാണ് ഇപ്പോൾ കേരളത്തെ സഹായിക്കുമെന്ന് പറയുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.