ഇന്ന് തൃശൂർ പൂരം; ആഘോഷ തിമിർപ്പിൽ തൃശൂർ നഗരം

0
104

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം ഇന്ന്. കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കമിട്ടത്. എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിക്കും. തുടർന്ന് വർണ്ണവാദ്യമേളങ്ങളുടെ ആഘോഷമായി മഠത്തിൽവരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും അരങ്ങേറും. പതിനായിരക്കണക്കിന് പൂരപ്രേമികളാണ് പൂരം കാണാനായി മാത്രം നാട്ടിലെത്തിയിട്ടുള്ളത്.

രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥക്ഷേത്രത്തിൽ പ്രവേശിച്ച് പൂരത്തെ വിളിച്ചുണർത്തി. ബ്രിഹസ്പതി രൂപത്തിൽ ഉള്ള ശാസ്താവ് ആയതിനാൽ വെയിൽ ഏൽക്കാതെ വേണം പൂരം വടക്കും നാഥ ക്ഷേത്രത്തിൽ എത്താൻ എന്നാണ് വിശ്വാസം. കണിമംഗലം ശാസ്താവിന് പിന്നാലെ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി.

11 മണിമുതൽ മഠത്തിൽ വരവ് പഞ്ചവാദ്യവും, രണ്ടരയോടെ ഇലഞ്ഞിത്തറമേളവും നടക്കും. ഇതിനിടെ പാറമേക്കാവ് പഞ്ചവാദ്യവും അരങ്ങേറും. ഇലഞ്ഞിത്തറമേളം കഴിഞ്ഞ് തെക്കോട്ടിറക്കം. തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളുടെ ആനകൾ അഭിമുഖമായി നിരന്നാൽ ഭൂമിയിൽ വർണ്ണവിസ്മയം തീർക്കുന്ന കുടമാറ്റം. പിന്നീട് രാത്രി വീണ്ടും ഘടക പൂരങ്ങളുടെ വരവ്. ഇരുപതിന് പുലർച്ചയാണ് തൃശൂർ പൂരം വെടിക്കെട്ട്. പകൽ പൂരത്തിനു ശേഷം തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ 36 മണിക്കൂറോളം നീളുന്ന തൃശൂർ പൂരത്തിന് പരിസമാപ്തിയാകും.