കേരളത്തിൻ്റെ അഭിമാനം; സെറിബ്രൽ പാൾസിയെ മറികടന്ന് സിവിൽ സർവീസിൽ റാങ്ക് നേടി ശാരിക

0
154

സിവിൽ സർവീസ് പരീക്ഷ ഫലം ഇന്നലെ പുറത്തുവന്നപ്പോൾ കേരളത്തിൻ്റെ അഭിമാനമായി മാറിയത് വടകര കീഴരിയൂർ സ്വദേശിനി ശാരികയാണ്. സെറിബ്രൽ പാൾസിയെ മറികടന്ന് ശാരിക ഇന്ത്യൻ സിവിൽ സർവീസിൽ 922ആം റാങ്ക് നേടി. ജന്മനാ സെറിബ്രൽ പാൾസി ബാധിച്ച ശാരിക വീൽചെയറിൽ ഇരുന്നാണ് ഈ സ്വപ്നം നേടിയത്. കേരളത്തിനാകെ അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ച ശാരികയെ മന്ത്രി ആർ ബിന്ദു ഫോണിൽ അഭിനന്ദിച്ചു. പ്രതിസന്ധികളോടും ജീവിതസാഹചര്യങ്ങളോടും പൊരുതിയാണ് ശാരിക ഉജ്ജ്വല വിജയം നേടിയതെന്ന് മന്ത്രി പറഞ്ഞു.

കീഴരിയൂർ ഈരേമ്മൻ കണ്ടിയിൽ ശശിയുടെയും രാഖിയുടെയും മകളാണ് ശാരിക. പ്ലസ് ടു വിദ്യാർഥിനിയായ ദേവിക സഹോദരിയാണ്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകുന്നതിനായി സമ്പൂർണ്ണ ഐഎഎസ് അക്കാദമിയുടെ പദ്ധതിയായ “ചിത്രശലഭം” ശാരികയുടെ സിവിൽ സർവീസ് പഠനത്തിന് വലിയ പിന്തുണയാണ് നൽകിയത്.

ശാരികയ്ക്ക് ഇടതുകൈയുടെ മൂന്ന് വിരലുകൾ മാത്രമേ ചലിപ്പിക്കാനാവൂ. ഈ പരിമിതികളെല്ലാം മറികടന്നാണ് ശാരിക സിവിൽ സർവീസ് എന്ന ലക്ഷ്യം കീഴടക്കിയത്.

2024-ലെ സിവിൽ സർവീസസ് മെയിൻ പരീക്ഷ പാസായി, തുടർന്ന് ജനുവരി 30-ന് ഡൽഹിയിൽ നടന്ന ഇൻ്റർവ്യൂവിൽ മികച്ച വിജയം നേടി. തിരുവനന്തപുരത്ത് ഓൺലൈൻ മുഖാമുഖമായിരുന്നു പരിശീലനം. ഇന്ത്യയിൽ മൂന്ന് കോടിയോളം ഭിന്നശേഷിക്കാരുണ്ടെന്നും എന്നാൽ സിവിൽ സർവീസ് ഉൾപ്പെടെയുള്ള നേതൃമേഖലയിൽ അവരുടെ പ്രാതിനിധ്യം വളരെ കുറവാണെന്നും മന്ത്രി ആർ.ബിന്ദു ഫെയ്സ്ബുക്കിൽ കുറിച്ചു.