രാജസ്ഥാൻ റോയൽസിന് 224 റൺസ് വിജയലക്ഷ്യം

0
201

രാജസ്ഥാൻ റോയൽസിനെതിരെ 224 റൺസ് വിജയലക്ഷ്യം ഉയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സുനിൽ നരെയ്ൻ പതിവുപോലെ തകർത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്തു.

ടി20 കരിയറിലെ ആദ്യ സെഞ്ചുറി കുറിച്ച സുനില്‍ നരെയ്‌ന്റെ ഇന്നിങ്‌സാണ് കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 56 പന്തുകള്‍ നേരിട്ട താരം 109 റണ്‍സെടുത്തു. ആറ് സിക്‌സും 13 ഫോറുമടങ്ങുന്നതായിരുന്നു നരെയ്‌ന്റെ ഇന്നിങ്‌സ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് നാലാം ഓവറില്‍ തന്നെ ഫിലിപ്പ് സാള്‍ട്ടിനെ (10) നഷ്ടമായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച നരെയ്ന്‍ – ആംക്രിഷ് രഘുവംശി സഖ്യം പിന്നീട് രാജസ്ഥാന്‍ ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ചു. 18 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറിയടക്കം 30 റണ്‍സെടുത്ത രഘുവംശിയെ മടക്കി കുല്‍ദീപ് സെന്നാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നരെയ്‌നൊപ്പം 85 റണ്‍സ് ചേര്‍ത്ത ശേഷമാണ് താരം പുറത്തായത്.

പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും (11), ആന്ദ്രേ റസ്സലിനും (13), വെങ്കടേഷ് അയ്യര്‍ക്കും (8) കാര്യമായ സംഭാവന നല്‍കാനായില്ല. എന്നാല്‍ ഒമ്പത് പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒരു ഫോറുമടക്കം 20 റണ്‍സെടുത്ത റിങ്കു സിങ് കൊല്‍ക്കത്ത സ്‌കോര്‍ 223-ല്‍ എത്തിച്ചു. രാജസ്ഥാനായി ആവേശ് ഖാനും കുല്‍ദീപ് സെന്നും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.