ഐശ്വര്യവും സന്തോഷവും ആയി ഒരു വിഷുക്കാലം കൂടി ഇങ്ങെത്തി. കണ്ണനെ കണി കണ്ടുണർന്നും വിഷു കൈനീട്ടം നൽകിയും നാടെങ്ങും ഇന്ന് വിഷു ആഘോഷിക്കുന്നു. കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ നിലവിളക്ക് തെളിയിച്ച് ഓട്ടുരുളിയിൽ ഐശ്വര്യത്തിന്റെ കാഴ്ചയായി കൊന്നപ്പൂക്കളും കോടി മുണ്ടും, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും പിന്നെ സമ്പന്നമായൊരു കാർഷിക സംസ്‌കാരത്തിന്റെ ഓർമ്മപ്പെടുത്തലും. കണിവെളളരിയും, ചക്കയും, മാങ്ങയും മറ്റ് ഫലങ്ങളും നിറച്ച് ഒരു വിഷുക്കണി. കണി കണ്ടുകഴിഞ്ഞാൽ പിന്നെ വിഷു കൈനീട്ടം. കുടുംബത്തിലെ മുതിർന്നവർ നൽകുന്ന സമ്പൽ സമൃദ്ധിയുടെ നല്ല നാളെകൾക്കായുള്ള തുടക്കമാണ് വിഷു കൈനീട്ടം.
കേരളത്തിലെ ജനങ്ങൾക്ക് വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷു വളരെക്കാലമായി സമത്വത്തിൻ്റെ പ്രതീകമാണെന്നും ജാതിയും മതവും ഉൾപ്പെടെയുള്ള സാമൂഹിക പ്രതിബന്ധങ്ങളെ മറികടന്ന് പൊതുബോധം ഉയർത്താനുള്ള പ്രചോദനം നൽകുമെന്നും അദ്ദേഹം തൻ്റെ സന്ദേശത്തിൽ പറഞ്ഞു.
രാജ്യത്ത് വർഗീയ വിദ്വേഷം വിതയ്ക്കാൻ ശ്രമിക്കുന്ന വിഭജന ഘടകങ്ങളെ നേരിടാനുള്ള ഓർമ്മപ്പെടുത്തലായി ഈ സന്ദർഭം വർത്തിക്കണമെന്നും എല്ലാറ്റിനുമുപരിയായി സാഹോദര്യവും സമത്വവും നിലനിൽക്കുന്ന ഒരു പുതിയ ലോകം കെട്ടിപ്പടുക്കുന്നതിനുള്ള മുന്നേറ്റമായി വിഷു ആഘോഷങ്ങൾ വർത്തിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.