മുംബൈ ഇന്ത്യൻസിന് തുടർച്ചയായി രണ്ടാം ജയം

0
191

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് 7 വിക്കറ്റ് വിജയം. ആർസിബി ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം മുംബൈ 15.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 69 റൺസെടുത്ത ഇഷാൻ കിഷനാണ് മുംബൈയുടെ ടോപ് സ്കോറർ. ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ മുംബൈയുടെ തുടർച്ചയായ രണ്ടാം ജയമാണിത്.

മികച്ച തുടക്കമാണ് ഇഷാൻ കിഷനും രോഹിത് ശർമയും ചേർന്ന് മുംബൈക്ക് നൽകിയത്. കിഷൻ അൾട്ര അഗ്രസീവ് മോഡിൽ കളി ആരംഭിച്ചപ്പോൾ രോഹിതും ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തി. 23 പന്തിൽ കിഷൻ ഫിഫ്റ്റി തികച്ചു. മുംബൈക്ക് തകർപ്പൻ തുടക്കം നൽകിയ കിഷൻ 9ആം ഓവറിൽ ആകാശ് ദീപിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. 34 പന്തിലായിരുന്നു കിഷൻ്റെ എക്സ്പ്ലോസിവ് ഇന്നിംഗ്സ്. 101 റൺസിൻ്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിലും താരം പങ്കാളിയായി.

മൂന്നാം നമ്പറിലെത്തിയ സൂര്യകുമാർ യാദവ് പരുക്കേറ്റ് പുറത്തിരുന്നതിൻ്റെ യാതൊരു ലക്ഷണങ്ങളുമില്ലാതെയാണ് കളിച്ചത്. വളരെ വേഗം തൻ്റെ സ്വതസിദ്ധശൈലിയിലേക്ക് കടന്ന സൂര്യ അനായാസമാണ് സ്കോർ ചെയ്തത്. ഇതിനിടെ വിൽ ജാക്ക്സിൻ്റെ പന്തിൽ രോഹിത് ശർമ്മയെ (24 പന്തിൽ 38) തകർപ്പൻ ക്യാച്ചിലൂടെ റീസ് ടോപ്ലെ മടക്കി അയച്ചു. രോഹിത് മടങ്ങിയെങ്കിലും ആക്രമണം തുടർന്ന സൂര്യ വെറും 17 പന്തിൽ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ താരം വിജയകുമാർ വൈശാഖിൻ്റെ പന്തിൽ വീണു. 19 പന്തിൽ 52 റൺസ് നേടിയാണ് താരം പുറത്തായത്. നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ നേടി ഹാർദികും ബൗണ്ടറി നേടി തിലകും നയം വ്യക്തമാക്കി. ഒരു തകർപ്പൻ ഷോട്ടിലൂടെ സിക്സർ നേടി ഹാർദിക് ആണ് മുംബൈയ്ക്ക് ജയം സമ്മാനിച്ചത്. ഹാർദികും ( 6 പന്തിൽ 21) തിലകും (10 പന്തിൽ 16) നോട്ടൗട്ടാണ്.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 196 റൺസ് നേടിയത്. 40 പന്തിൽ 61 റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. മുംബൈക്കായി ജസ്പ്രീത് ബുംറ 21 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.