ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് ജെയിംസ്; അജ്ഞാത സുഹൃത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാർ

0
123

ആറ് വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ജസ്ന ജീവിച്ചിരിപ്പില്ലെന്നും, ജസ്നയുടെ അജ്ഞാത സുഹൃത്തിനെ കുറിച്ച് തനിക്ക് വിവരമുണ്ടെന്നും താൻ ഉന്നയിച്ച സംശയങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്നും പിതാവ് ജെയിംസ് പറഞ്ഞു. തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ജെയിംസ് ജോസഫ് ഇക്കാര്യം പറയുന്നത്. സിബിഐ സംഘം ശരിയായ ദിശയിൽ അന്വേഷണം നടത്തിയാൽ ജസ്നയുമായി രഹസ്യമായി അടുപ്പം പുലർത്തിയിരുന്ന അജ്ഞാത സുഹൃത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്ന ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്ത ഘട്ടത്തിലാണ് പിതാവ് തന്നെ മരിച്ചതായി സ്ഥിരീകരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനോട് 19 ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു.

രഹസ്യ സ്വഭാവത്തോടെയാണ് സിബിഐ അന്വേഷിക്കാൻ തയ്യാറാകുന്നതെങ്കിൽ ആളിന്റെ ഫോട്ടോ അടക്കമുളള ഡിജിറ്റൽ തെളിവുകൾ നൽകാൻ തയ്യാറാണ്. അജ്ഞാത സുഹൃത്ത് തെളിവുകൾ നശിപ്പിക്കുമെന്നാണ് പേടി. ജസ്‌ന രഹസ്യമായി വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താൻ കണ്ടെത്തിയെന്നും പിതാവ് വെളിപ്പെടുത്തി. ജസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. ജസ്‌നയെ കാണായതിന്റെ തലേദിവസം ജസ്‌നക്ക് ഉണ്ടായ അമിത രക്ത സ്രാവത്തിന്റെ കാരണം കണ്ടെത്താൻ സിബിഐ സംഘം ശ്രമിച്ചില്ലെന്നും അച്ഛൻ കുറ്റപ്പെടുത്തുന്നു. 2018 മാർച്ച് 22 നാണ് പത്തനംതിട്ട മുക്കോട്ടുത്തറ കല്ലുമൂല കുന്നത്ത് ഹൗസിൽ നിന്ന് ജസ്നയെ കാണാതാകുന്നത്.

കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വർഷം വിദ്യാർത്ഥിയായിരിക്കെയാണ് സംഭവം. മുണ്ടക്കയം പുഞ്ചവയലിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോവുന്നു എന്ന് പറഞ്ഞാണ് ജസ്ന വീട്ടിൽ നിന്നിറങ്ങിയത്. ജസ്ന ഓട്ടോയിൽ മുക്കുട്ടുത്തറയിലും ബസിൽ എരുമേലിയിലും എത്തിയതായി വിവരമുണ്ട്. എന്നാൽ പിന്നീട് ജെസ്നയ്ക്ക് എന്തുസംഭവിച്ചുവെന്നുള്ള കാര്യമാണ് ചോദ്യചിഹ്നമായി നിൽക്കുന്നത്. ആദ്യ ഘട്ടങ്ങളിൽ വളരെ ഊർജ്ജിതമായാണ് പൊലീസ് സംഘം കേസ് അന്വേഷിച്ചത്. കോട്ടയം, ഇടുക്കി പത്തനംതിട്ട തിരുവനന്തപുരം വയനാട് എന്നിവിടങ്ങളിലൊക്കെ അന്വേഷണം നടത്തി. ഇതിനിടെ ഗോവയിലും ബെംഗളൂരുവിലും ജസ്നയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. വിവരം ലഭിച്ചപ്പോൾത്തന്നെ പൊലീസ് അവിടെയെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാൽ ജസ്ന അപ്പോഴും കാണാമറയത്ത് തുടരുകയായിരുന്നു.

ഇതിനിടെ ജസ്ന ഉപയോഗിച്ച ഫോൺ ജസ്നയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. താൻ മരിക്കാൻ പോവുന്നു എന്ന അവസാന സന്ദേശമാണ് ഫോണിൽ നിന്ന് കണ്ടെടുത്തത്. ആ സന്ദേശം ലഭിച്ച ജസ്നയുടെ ആൺസുഹൃത്തിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. കേസിൽ ഒരു തെളിവും കിട്ടാതെ അന്വേഷിച്ചവരൊക്കെ പരാജയം സമ്മതിച്ചിരിക്കുകയാണ്. ക്രെെംബ്രാഞ്ചും സിബിഐയും ജസ്നയ കണ്ടെത്താൻ ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയിരുന്നില്ല. കേസിൽ ദുരൂഹതയൊന്നുമില്ലെന്ന സിബിഐ റിപ്പോർട്ട് തള്ളണമെന്നാണ് അച്ഛൻറെ ആവശ്യം.