തൃപ്പൂണിതുറ തെരെഞ്ഞെടുപ്പ് കേസ്; കെ ബാബു മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് പിടിച്ചെന്ന എം സ്വരാജിന്റെ ഹർജിയിൽ വിധി ഇന്ന്

0
154

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ കെ ബാബുവിൻ്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന എം സ്വരാജിൻ്റെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ വോട്ട് പിടിച്ച എംഎൽഎ കെ ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് ആണ് ഹർജി നല്‍കിയത്.

ജസ്റ്റിസ് പി.ജി അജിത് കുമാറാണ് വിധി പറയുക. വീടുകളിൽ വിതരണം ചെയ്ത സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോയും വച്ച് നൽകിയെന്നാണ് മറ്റൊരു ആരോപണം. കെ ബാബു തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന പേരിൽ മണ്ഡലത്തിൽ പ്രചരണം നടത്തിയെന്നും സ്വരാജ് കോടതിയെ അറിയിച്ചിരുന്നു. കൂടാതെ അയ്യപ്പനൊരു വോട്ട് എന്ന തരത്തിൽ ചുവരെഴുതിയെന്നും ആരോപണമുണ്ട്.

കേസിൽ സാക്ഷികളുടെ വിസ്താരം നടക്കുന്നതിനിടെ ഹർജി നിലനിൽക്കില്ലെന്ന വാദവുമായി കെ ബാബു സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ബാബുവിൻ്റെ വാദം തള്ളിയ സുപ്രീം കോടതി വിചാരണ തുടരാൻ ഹൈക്കോടതിക്ക് നിർദേശം നല്‍കുകയായിരുന്നു. കേസില്‍ എം. സ്വരാജിന്റെയും എതിര്‍വിഭാഗത്തിന്‍റെയും സാക്ഷികളുടെ വിസ്താരം നേരത്തെ പൂർത്തിയായിരുന്നു. വിശദമായ വാദവും തെളിവെടുപ്പുകളും പൂർത്തിയാക്കിയാണ് കോടതി ഇന്ന് അന്തിമ വിധിയിലേക്ക് കടക്കുന്നത്.