സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റി ‘ഗണപതിവട്ട’മാക്കണമെമെന്ന് കെ സുരേന്ദ്രന്‍

0
141

ലോക്‌‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് എംപിയായാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റി ‘ഗണപതിവട്ട’മാക്കണമെമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സുല്‍ത്താന്‍ ബത്തേരി എന്ന പേര് വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണെന്നും, അത് ഗണപതിവട്ടമാണന്നും, വിഷയം 1984-ല്‍ പ്രമോദ് മഹാജന്‍ ഉണയിച്ചതാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.’ ഇത് കേരളമാണ്, അതൊന്നും നടപ്പാകാൻ സാധ്യതയില്ലെന്ന് നിങ്ങൾക്ക് തന്നെ അറിയാം, സുരേന്ദ്രൻ വയനാട്ടില്‍ ജയിക്കാനും സാധ്യതയില്ല, പേര് മാറ്റാനും സാധ്യതയില്ല’- കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപിക്ക് സ്ഥലങ്ങളുടെയും റോഡുകളുടെയും സ്റ്റേഡിയങ്ങളുടെയും പാര്‍ക്കുകളുടെയും എന്തിന് പാര്‍ലമെന്റിന്റെയും പേരുമാറ്റി കളിക്കുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. ന്യൂനപക്ഷങ്ങളുടെ മതവുമായി ബന്ധപ്പെട്ട പേരുകള്‍ അവര്‍ക്ക് സ്വീകാര്യമല്ല. വടക്കേ ഇന്ത്യയില്‍ ഇതൊരു സ്ഥിരം പരിപാടിയായി തന്നെ അവര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ദില്ലി മുതല്‍ ഇങ്ങ് കര്‍ണാടക വരെ പലയിടത്തും അവരത് നടപ്പാക്കിയും കഴിഞ്ഞു.

സുരേന്ദ്രന്റെ പ്രസ്താവനക്ക് പിന്നാലെ ട്രോള് മഴയാണ്. കുതിരവട്ടം വഴി ഗണപതിവട്ടമെന്നൊരു പരിഹാസവും ട്രെന്‍ഡിംഗാകുന്നുണ്ട്. 2019ല്‍ എന്‍ഡിഎ നേടിയത് വട്ട പൂജ്യം. ഇത്തവണ, 2024ല്‍ എന്‍ഡിഎയ്ക്ക് അത് ഗണപതി വട്ടം എന്ന തരത്തില്‍ കാര്‍ട്ടൂണടക്കം പുറത്തുവന്നു കഴിഞ്ഞു.