യു.എസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

0
267

യു.എസില്‍ ഒരുമാസം മുന്‍പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുള്‍ അര്‍ഫാത്തി(25) നെ മരിച്ച നിലയില്‍ കണ്ടെത്തി. ക്ലീവ് ലാന്‍ഡ്‌ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു അര്‍ഫാത്ത്. ഒഹായോയിലെ ക്ലീവ്ലാന്‍ഡിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 2023-ലാണ് അര്‍ഫാത്ത് യുഎസിലെത്തിയത്.

ഒരുമാസത്തോളമായി അര്‍ഫാത്തിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച രാവിലെ അര്‍ഫാത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാര്‍ച്ച് ഏഴിന് മകനുമായി സംസാരിച്ചിരുന്നെന്ന് അര്‍ഫാത്തിന്റെ പിതാവ് മുഹമ്മദ് സലീം വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. മാര്‍ച്ച് 19-ന് ഒരു അജ്ഞാതവ്യക്തി ഫോണില്‍ വിളിച്ചു. മയക്കുമരുന്ന് വില്‍ക്കുന്ന ഒരു സംഘം അര്‍ഫാത്തിനെ തട്ടിക്കൊണ്ടുപോയതായും 1,200 ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതായും അര്‍ഫാത്തിന്റെ പിതാവ് കൂട്ടിച്ചേര്‍ത്തു. പണം എങ്ങനെ കൈമാറുമെന്ന് വിളിച്ചയാള്‍ അറിയിച്ചില്ലെന്നും മകനോട് സംസാരിക്കണമെന്ന് ആവശ്യപ്പട്ടപ്പോള്‍ വിസമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം യു.എസില്‍ നിരവധി ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികള്‍ മരണപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായുള്ള മരണങ്ങള്‍ യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും കുടുംബങ്ങളെയും ഭീതിയിലാക്കിയിട്ടുമുണ്ട്.