മൂവാറ്റുപുഴയിൽ ആൾക്കൂട്ട കൊലപാതക കേസ്; അന്വേഷണം ശക്തമാക്കി പോലീസ്

0
208

മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളിയായ അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തിൽ ശക്തമായ അന്വേഷണമുണ്ടാകുമെന്നും കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും എറണാകുളം റൂറൽ എസ്‍പി വൈഭവ് സക്സേന പറഞ്ഞു.

മർദ്ദനത്തിൽ തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടായതും ശ്വാസകോശം തകർന്നതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ ആകും എന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിൽ പൊലീസ് വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് എസ്പി പറഞ്ഞു. വിവരം അറിഞ്ഞു പത്ത് മിനുട്ടിനകം പൊലീസ് സ്ഥലത്തെത്തി.പത്ത് പേരെ അറസ്റ്റ് ചെയ്തുവെന്നും വൈഭവ് സക്സേന പറഞ്ഞു. മരണകാരണത്തെ കുറിച്ചുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാണ് 10 പേരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.

മരിച്ച അശോക് ദാസിന്റെ പെൺ സുഹൃത്തുക്കൾ ഇവർക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. പെൺ സുഹൃത്തുക്കളെ കോടതിയിൽ എത്തിച്ച് രഹസ്യ മൊഴിയും എടുത്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഉച്ചയോടെയാണ് സംഭവം നടന്ന വാളകത്ത് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പെൺകുട്ടികൾ താമസിച്ച വീട്ടിലും കെട്ടിയിട്ട് മർദ്ദിച്ച സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തിയത്. പെൺകുട്ടികളുമായി വാക്ക് തർക്കത്തിനൊടുവിൽ കൈകൾ സ്വയം മുറിവേൽപ്പിച്ച അശോക് ദാസ് പുറത്തിറങ്ങിയപ്പോൾ നാട്ടുകാർ കൂട്ടംകൂടി മർദ്ദിച്ചു എന്നാണ് പൊലീസ് പറയുന്നത്.

ക്ഷേത്രത്തിൻറെ ഇരുമ്പ് തൂണിൽ കെട്ടിയിട്ടും മർദ്ദനം തുടർന്നു. ഇവരുടെ മൊബൈൽ ഫോണിൽ നിന്നും കെട്ടിയിട്ടിരിക്കുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.ഡിലീറ്റ് ചെയ്ത ദൃശ്യങ്ങൾ വീണ്ടെടുക്കാൻ പൊലീസ് സൈബർ സെല്ലിൻറെ സഹായം തേടി.കൂടുതൽ പ്രതികൾ ഉണ്ടോ എന്നറിയാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം വൈകിട്ടോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.