ട്രോളുകൾക്കെതിരെ ന്യായീകരണവുമായി നടി കങ്കണ റണാവത്ത്

0
398

‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ്’ എന്ന തെറ്റായ പരാമർശത്തിന് സോഷ്യൽ മീഡിയയിൽ രൂക്ഷമായ ട്രോളുകൾ നേരിട്ടുകൊണ്ടിരിക്കുന്ന നടി കങ്കണ റണാവത്ത് ന്യായീകരണവുമായി രംഗത്.

1943 ഒക്ടോബർ 21-ന് നേതാജി സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂരിൽ ആസാദ് ഹിന്ദ് സർക്കാർ രൂപീകരിച്ചുവെന്ന വാർത്താ ലേഖനത്തിന്റെ സ്‌ക്രീൻഷോട്ട് പങ്കിട്ടുകൊണ്ട് റണൗത്ത് ട്വീറ്റ് ചെയ്തു. ഒരു ഇവന്റിൽ തെറ്റായ പരാമർശം നടത്തുന്നതായി കാണിക്കുന്ന ഒരു വീഡിയോയും അതിന് പിന്നാലെ വന്ന പരിഹാസങ്ങൾക്കും തമാശകൾക്കും എതിരായിട്ടാണ് ചരിത്രത്തിന്റെ ഭാഗമെന്ന് പറഞ്ഞുകൊണ്ട് കങ്കണ പങ്കുവെച്ചത്.

കങ്കണയെ പരിഹസിച്ചും, പൊതുവിജ്ഞാനം ചോദ്യം ചെയ്തുകൊണ്ടും പലരും രംഗത്തു വന്നിരുന്നു. നിലവിൽ ഹിമാചൽ പ്രദേശിലെ മാണ്ഡിയിലെ ബി.ജെ.പി സ്ഥാനാർത്ഥിയാണ് കങ്കണ.

ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയുെട കാര്യത്തിൽ എനിക്ക് വിജ്ഞാനം നൽകുന്നവരെല്ലാം ഈ സ്‌ക്രീൻ ഷോട്ട് വായിക്കുക. കുറച്ച് വിദ്യാഭ്യാസം നേടാൻ എന്നോട് ആവശ്യപ്പെടുന്ന എല്ലാ പ്രതിഭകളും ഇക്കാര്യം അറിഞ്ഞിരിക്കണം,’ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് കങ്കണ പറഞ്ഞു. നെഹ്‌റു കുടുംബത്തെക്കുറിച്ചുള്ള എമർജൻസി എന്ന സിനിമ സംവിധാനം ചെയ്തയാളാണ് താനെന്നും കങ്കണ കൂട്ടിച്ചേർത്തു.

1943 ഒക്ടോബർ 21-ന് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും രാഷ്ട്രത്തലവനും യുദ്ധമന്ത്രിയുമായി സ്വയം പ്രഖ്യാപിച്ചുവെന്നാണ് കങ്കണ പങ്കുവെച്ച സ്‌ക്രീൻഷോട്ടിൽ പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ മധ്യത്തിൽ സിംഗപ്പൂരിൽ വെച്ച് ആസാദ് ഹിന്ദ് സർക്കാർ രൂപീകരിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

അതേസമയം, കങ്കണ റണാവത്തിന്റെ ‘ആദ്യ പ്രധാനമന്ത്രി’ പരാമർശത്തിനെതിരെ ചില പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു. ‘വടക്കിലെ ഒരു ബിജെപി സ്ഥാനാർത്ഥി പറയുന്നു, സുഭാഷ് ചന്ദ്ര ബോസായിരുന്നു നമ്മുടെ ആദ്യ പ്രധാനമന്ത്രിയെന്ന്. ദക്ഷിണേന്ത്യയിൽ നിന്നുള്ള മറ്റൊരു ബിജെപി നേതാവ് പറയുന്നു മഹാത്മാഗാന്ധിയാണ് നമ്മുടെ പ്രധാനമന്ത്രിയെന്ന്. ഇവരുടെയെല്ലാം ബിരുദം എവിടെനിന്നായിരുന്നു?’, കങ്കണയുടെ പേര് പരാമർശിക്കാതെ, ബി.ആർ.എസ് നേതാവ് കെ.ടി രാമറാവു എക്സിൽ കുറിച്ചു.