ഉയർന്ന അവസരം വേണ്ടെന്നു വച്ചു സ്വന്തം കഴിവിൽ വിശ്വസമർപ്പിച്ച ഒരു യുവ പ്രതിഭയാണ് ടാലന്റ് ഡീക്രിപ്റ്റിന്റെ സ്ഥാപകയും സിഇഒയുമായ ആരുഷി അഗർവാൾ. സ്വന്തം ആശയം കമ്പനിയാക്കാൻ വേണ്ടി ഒരു കോടി ശമ്പള പാക്കേജ് ആണ് ആരുഷി വേണ്ടെന്നു വച്ചത്. 2020 ൽ കൊവിഡ് വെല്ലുവിളികൾ സൃഷ്ടിച്ച സമയത്താണ് ഇത്രയും റിസ്ക് എടുക്കാൻ ആരുഷി തയാറായത്.
കൊവിഡ് കാലത്ത് 1 ലക്ഷം രൂപയ്ക്കാണ് ആരുഷി തന്റെ ആശയത്തിന് ജീവശ്വാസം നൽകിയത്. ജെയ്പീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നിന്ന് ബി.ടെക് + എം.ടെക്കിൽ 5 വർഷത്തെ ഇന്റഗ്രേറ്റഡ് ബിരുദം നേടിയ ആളാണ് ആരുഷി. തുടർന്ന് ഐഐടി ഡൽഹിയിൽ 3 മാസത്തെ ഇന്റേൺഷിപ്പും ചെയ്തു.
2021-ൽ അവർ ഐഐഎം ബംഗളൂരുവിൽ നിന്ന് എക്‌സിക്യൂട്ടീവ് പ്രോഗ്രാം പൂർത്തിയാക്കി. ഈ സമയത്താണ് ഒരു കമ്പനിയെന്ന ആശയം അവർക്കുണ്ടായത്. ക്യാമ്പസ് പ്ലേസ്മെന്റ് ലഭിക്കാത്തവരെ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ അവർ വികസിപ്പിച്ചെടുത്തു. അതിന് ടാലന്റ് ഡീക്രിപ്റ്റ് എന്നു പേരും നൽകി. ഇന്ന് 50 കോടി രൂപയാണ് ടാലന്റിന്റെ ആസ്തിയെന്ന് റിപ്പോർട്ടുകൾ സൂചി്പ്പിക്കുന്നു. അതേ, വെറും നാലു വർഷത്തിൽ കമ്പനി നേടിയ വളർച്ചയാണിത്. ടാലന്റ് ഡീക്രിപ്റ്റിന് വഴി തൊഴിലന്വേഷകർ ഹാക്കത്തോണിലൂടെ ഒരു വെർച്വൽ സ്‌കിൽ ടെസ്റ്റ് നടത്തും. ഇതിനുശേഷം, ജോലിക്ക് വേണ്ടിയുള്ള അഭിമുഖങ്ങളിൽ നേരിട്ട് ഹാജരാകാം. ലോകമെമ്പാടുമുള്ള 10 ലക്ഷം തൊഴിലന്വേഷകർക്ക് ഇതിനകം സ്ഥാപനം പ്ലെയ്സ്മെന്റ് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളിൽ വ്യക്തം.
ഗാസിയാബാദിലെ നെഹ്റു നഗറിലാണ് നിലവിൽ ആരുഷി താമസിക്കുന്നത്. എന്നാൽ മൊറാദാബാദ് സ്വദേശിയാണ് അവർ. വെറും 28 വയസ് മാത്രമാണ് ആരുഷിയുടെ പ്രായം. അച്ഛൻ അജയ് ഗുപ്ത ഒരു ബിസിനസുകാരനും, അമ്മ വീട്ടമ്മയുമാണ്.