ആഗോള അതിസമ്പന്നരുടെ പട്ടികയിൽ ലിസ്റ്റിൽ 14 മലയാളികൾ

0
199

ഫോബ്സ് മാസികയുടെ ഈ വർഷത്തെ ആഗോള അതിസമ്പന്നരുടെ പട്ടികയിൽ ലിസ്റ്റിൽ 14 മലയാളികൾ. 760 കോടി ഡോളർ (63080 കോടി രൂപ) ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് മലയാളികളിൽ ഒന്നാം സ്ഥാനത്തുള്ളത്. ആഗോള തലത്തിൽ ലൂയി വിട്ടൻ എന്ന കമ്പനിയുടെ ഉടമ ബെർണാർഡ് ആർനോൾട്ടാണ് ഒന്നാം സ്ഥാനത്ത്. 23,300 കോടി ഡോളറാണ് (19.34 ലക്ഷം കോടി രൂപ) ആസ്തി. ഇന്ത്യക്കാരിൽ 11600 കോടി ഡോളറിന്റെ (9.63 ലക്ഷം കോടി രൂപ) ആസ്തിയുമായി മുകേഷ് അംബാനിയാണ് ഒന്നാം സ്ഥാനത്ത്. ആഗോള തലത്തിൽ ലിസ്റ്റിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഉൾപ്പെട്ട ഏക ഇന്ത്യക്കാരനും അംബാനിയാണ്. ടെസ്ല, സ്പേസ് എക്സ് എന്നീ കമ്പനികളുടെ ഉടമയായ ഇലോൺ മസ്ക് 19500 കോടി ഡോളർ ആസ്തിയോടെ രണ്ടാം സ്ഥാനത്തും, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് 19400 കോടി ഡോളർ ആസ്തിയുമായി മൂന്നാം സ്ഥാനത്തുമാണ്.

കഴിഞ്ഞ വർഷത്തെ ആഗോള സമ്പന്നരുടെ പട്ടികയിൽ യൂസഫലി 497ാം സ്ഥാനത്തായിരുന്നു. ഇത്തവണ 344ാം സ്ഥാനത്തേക്ക് നില മെച്ചപ്പെട്ടു. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആണ് മലയാളികളിൽ രണ്ടാം സ്ഥാനത്തുള്ളത്. 440 കോടി ഡോളറാണ് (36520 കോടി രൂപ) ആസ്തിമൂല്യം. ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, വി.പി.എസ് ഹെൽത്ത് കെയർ, ബുർജീൽ ഹോൾഡിങ് എന്നിവയുടെ ചെയർമാനായ ഡോ.ഷംസീർ വയലിൽ എന്നിവർക്കാണ് മൂന്നാം സ്ഥാനം. 350 കോടി ഡോളർ (29050 കോടി രൂപ) വീതമാണ് ഇരുവരുടെയും ആസ്തി. എഡ്-ടെക് കമ്പനിയായ ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പട്ടികയിൽ നിന്ന് ഇത്തവണ പുറത്തായി. ലിസ്റ്റിൽ ഉൾപ്പെട്ട 14 മലയാളികളുടെയും കൂടി ആകെ ആസ്തിമൂല്യം 3.35 ലക്ഷം കോടി രൂപയാണ്.

ഫോബ്സ് പട്ടികയിൽ സ്ഥാനം നേടിയ മറ്റ് മലയാളികൾ

രവി പിള്ള (ആർ.പി ഗ്രൂപ്പ്) – 330 കോടി ഡോളർ (27390 കോടി രൂപ)
സണ്ണി വർക്കി (ജെംസ് എജ്യുക്കേഷൻ) – 330 കോടി ഡോളർ (27390 കോടി രൂപ)
ടി.എസ് കല്യാണ രാമൻ (കല്യാൺ ജ്വല്ലേഴ്സ്) – 320 കോടി ഡോളർ (26560 കോടി രൂപ)
പി.എൻ.സി മേനോൻ (ശോഭ ഗ്രൂപ്പ്) – 280 കോടി ഡോളർ (23240 കോടി രൂപ)
എസ്.ഡി ഷിബുലാൽ (ഇൻഫോസിസ്) – 200 കോടി ഡോളർ (16600 കോടി രൂപ)
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി-ഗാർഡ്) – 160 കോടി ഡോളർ (13280 കോടി രൂപ)
സാറാ ജോർജ് മുത്തൂറ്റ് (മുത്തൂറ്റ് ഫിനാൻസ്) – 130 കോടി ഡോളർ (10790 കോടി രൂപ)
ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് (മുത്തൂറ്റ് ഫിനാൻസ്) – 130 കോടി ‍ഡോളർ (10790 കോടി ‍ഡോളർ)
ജോർജ് ജേക്കബ് മുത്തൂറ്റ് (മുത്തൂറ്റ് ഫിനാൻസ്) – 130 കോടി ഡോളർ (10790 കോടി രൂപ)
ജോർജ് തോമസ് മുത്തൂറ്റ് (മുത്തൂറ്റ് ഫിനാൻസ്) – 130 കോടി ‍ഡോളർ (10790 കോടി രൂപ)