സുഗന്ധഗിരി മരംമുറി കേസ്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് വനം വകുപ്പ്

0
142

സുഗന്ധഗിരി മരംമുറി കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് വനം വകുപ്പ്. അതിനിടെ കേസിൽ വനം വകുപ്പിലെ ജീവനക്കാരുടെ സംഘടനകൾ തമ്മിലുള്ള ശീതസമരം അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. കൂടുതൽ ഉദ്യോഗസ്ഥർക്ക് മരംമുറിയിൽ പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. മൂന്ന് ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒമാരെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. അതിനിടെ മരംമുറിക്കേസിലെ ആറ് പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കൽപ്പറ്റ കോടതി ഇന്ന് വിധി പറയും. ഇന്നലെ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായിരുന്നു.

വീടിന് മുകളിലേക്ക് ചരിഞ്ഞു നിൽക്കുന്ന 20 മരംമുറിക്കാൻ കിട്ടിയ അനുമതിയുടെ മറവിൽ കൂടുതൽ മരം മുറിച്ചു കടത്തിയെന്നാണ് കേസ്. മരത്തിന്റെ കൂടുതൽ ഭാഗം ഇനിയും കണ്ടെത്താനുണ്ട്. വാര്യാട് സ്വദേശി ഇബ്രാഹിം, മീനങ്ങാടി സ്വദേശി അബ്ദുൽ മജീദ്, മാണ്ടാട് സ്വദേശി ചന്ദ്രദാസ്, മണൽവയൽ സ്വദേശി അബ്ദുന്നാസർ, കൈതപ്പൊയിൽ സ്വദേശി അസ്സൻകുട്ടി, എരഞ്ഞിക്കൽ സ്വദേശി ഹനീഫ എന്നിവരാണ് ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുള്ളത്.

കേസിൽ ജീവനക്കാരുടെ സംഘടനകൾ തമ്മിലുളള ശീതസമരം രൂക്ഷമായ സാഹചര്യത്തിലാണ് ഉന്നത തല സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. കോഴിക്കോട് വനം വിജിലൻസിന്റെ ചുമതലയുള്ള കോട്ടയം ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇവാല്വേഷൻ സിഎഫ് നീതുലക്ഷ്മിയാണ് അന്വേഷണ സംഘത്തെ നയിക്കുക. മുറിച്ചത് പാഴ്‌മരങ്ങളാണെങ്കിലും വലിയ പൊല്ലാപ്പിലാണ് വനംവകുപ്പ്. അനധികൃതമായി മുറിച്ചത് 80 ലധികം മരങ്ങളാണ്. ഇതിന് ഒത്താശ ചെയ്തവരിൽ വനംവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും ഉണ്ടെന്ന് കണ്ടെത്തിയതാണ് വനം വകുപ്പിന് നാണക്കേടായത്. കൽപ്പറ്റ ഫോറസ്റ്റ് സെക്ഷൻ ഓഫീസറർക്കും രണ്ടു വാച്ചർമാരെയും സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത് ഇതിന് പിന്നാലെയാണ്.

സെക്ഷൻ ഓഫീസർ കെ.കെ. ചന്ദ്രൻ കേരള ഫോറസ്റ്റ് പ്രടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ ഭാരവാഹിയാണ്. ഇതേ സംഘടനയിൽ അംഗമായ വാച്ചർ ജോൺസൺനും നടപടി നേരിട്ടു. അനധികൃത മരംമുറി മറച്ചുവെച്ചു, കൽപ്പറ്റ റേഞ്ചർ അന്വേഷിക്കാൻ നിയോഗിച്ചപ്പോൾ തെറ്റായ റിപ്പോർട്ട് നൽകി എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ഇത് രണ്ടും പരിഗണിച്ചാണ് നടപടി. പട്രോളിങ് നടത്തിയില്ല, മേലധികാരികൾ ശ്രദ്ധിച്ചില്ല തുടങ്ങിയ ആരോപണങ്ങൾ കൂടി വന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്ത നിയോഗിച്ചത്. ഫ്ലയിങ് സ്വകാഡ് ഡിഎഫ്ഒമാരായ മനു സത്യൻ, ഇംതിയാസ് എ.പി., അജിത് കെ.രാമൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. മുറിച്ചു കടത്തിയ മരങ്ങൾ മുഴുവനും കണ്ടെത്തുക, പ്രതികൾ ആറിൽ കൂടുതലുണ്ടെങ്കിൽ കണ്ടെത്തുക, മരംമുറിയിൽ പങ്കുള്ള വനംവകുപ്പിലെ ഉദ്യോഗസ്ഥരെ കണ്ടെത്തുക എന്നിവയാണ് അന്വേഷണ സംഘത്തിന് മുന്നിലെ ലക്ഷ്യങ്ങൾ.