വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്കു ശേഷ’ത്തിലെ പുതിയ ​ഗാനം പുറത്ത്

0
439

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്കു ശേഷ’ത്തിലെ പുതിയ ​ഗാനം പുറത്ത്. വിനീത് ശ്രീനിവാസൻ്റെ വരികൾക്ക് അമൃത് രാംനാഥ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ്ധാർഥ് ബസ്രുർ ആണ്. ‘പ്യാരാ മേരാ വീരാ’ എന്നുതുടങ്ങുന്ന ​ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമിക്കുന്ന ചിത്രത്തിൽ നായകന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ്. കൂടാതെ വിനീത് ശ്രീനിവാസൻ, നിവിൻ പോളി, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, കല്യാണി പ്രിയദർശൻ, നീത പിള്ളൈ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നത്. വലിയ ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ – വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തിയേറ്ററുകളിൽ എത്തിക്കുന്നത്.