സ്വർണവില ഇതെങ്ങോട്ട്? വീണ്ടും ഉയർന്ന് സ്വർണവില

0
132

സംസ്ഥാനത്ത് സ്വർണവില എക്കാലത്തേയും ഉയർന്ന നിലയിലേക്ക്. ഇന്ന് 51,000 കടന്ന് സ്വർണ്ണവില മുന്നേറുകയാണ്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 51,280 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 6,410 രൂപയാണ് വില. ഈ മാസം സ്വർണവിലയിൽ വലിയ വർദ്ധനവാണ് കാണാനായത്.

രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്ക് കാരണം. അമേരിക്ക നേരിടുന്ന എക്കാലത്തെയും വലിയ പണപ്പെരുപ്പമാണ് വിലവർധനവിന് മറ്റൊരു പ്രധാന കാരണം. സാധാരണക്കാരന് ഒരുതരി സ്വർണം ഇനിയെന്ന് വാങ്ങാൻ സാധിക്കും എന്നാണ് ചോദ്യം.

പവന് അരലക്ഷം എന്ന നിലയിലേക്ക് മാർച്ച് മാസം തന്നെ സ്വർണവിപണി സഞ്ചാരം ആരംഭിച്ചിരുന്നു. അതിനെയും കടത്തിവെട്ടുന്ന നിലയിലേക്കാണ് തൊട്ടു പിന്നാലെ എത്തിയ ഏപ്രിൽ മാസം ആരംഭിച്ചത് തന്നെ. വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് വില വർദ്ധനവ്.

നികുതികളും പണിക്കൂലിയും ചേരുമ്പോൾ ഇങ്ങനെയാവില്ല സ്വർണവില. മൊത്തത്തിൽ നൽകേണ്ട വിലയിലേക്കെത്തുമ്പോൾ നിരക്ക് സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത സാഹചര്യമാണ്.

അതേസമയം സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച സമയം ആണിത്. വില കുതിച്ച ശേഷം വിൽപ്പനയിൽ ഇടിവ് വന്നുവെന്ന് ജ്വല്ലറി വ്യാപാരികൾ പറയുന്നു.