പുതിയ സൈനിക സ്‌കൂൾ കരാറുകളിൽ 62.5 ശതമാനവും സ്വന്തമാക്കിയത് ബി.ജെ.പിയും ആർഎസ്എസും

0
162

രാജ്യത്തെ പുതിയ സൈനിക സ്‌കൂൾ കരാറുകളിൽ 62 ശതമാനവും അനുവദിച്ചത് രാഷ്ട്രീയ സ്വയംസേവക് സംഘവുമായും (ആർഎസ്എസ്), ഭാരതീയ ജനതാ പാർട്ടിയുടെ രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട സ്കൂളുകൾക്ക്. സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ‘ദ റിപ്പോർട്ടേഴ്സ് കലക്ടീവ്’ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

2021-ൽ, ഇന്ത്യയിൽ സൈനിക് സ്‌കൂളുകൾ നടത്തുന്നതിന് സ്വകാര്യ കമ്പനികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. ആ വർഷത്തെ അവരുടെ വാർഷിക ബജറ്റിൽ, ഇന്ത്യയിലുടനീളം 100 പുതിയ സൈനിക് സ്കൂളുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

ഭൂമി, ഭൗതിക, ഐടി അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക സ്രോതസ്സുകൾ, സ്റ്റാഫ് തുടങ്ങിയ എസ്എസ്എസ് നിർദ്ദിഷ്ട അടിസ്ഥാന സൗകര്യങ്ങളുള്ള ഏതൊരു സ്കൂളും പുതിയ സൈനിക് സ്കൂളുകളിൽ ഒന്നായി അംഗീകരിക്കപപ്പെടാം. അപ്രൂവൽ പോളിസി ഡോക്യുമെൻ്റ് പ്രകാരം, ഒരു സ്കൂളിനെ അംഗീകാരത്തിന് യോഗ്യമാക്കുന്ന നിർദ്ദിഷ്ട മാനദണ്ഡം അടിസ്ഥാന സൗകര്യങ്ങൾ മാത്രമായിരുന്നു. ഈ പരിമിതി സംഘപരിവാർ അനുബന്ധ സ്കൂളുകൾക്കും സമാന ചിന്താഗതിക്കാരായ സംഘടനകൾക്കും അപേക്ഷ സമർപ്പിക്കാൻ സഹായിച്ചു.

കേന്ദ്ര ഗവൺമെൻ്റിൻ്റെ പത്രക്കുറിപ്പുകളിൽ നിന്നും വിവരാവകാശ (ആർടിഐ) മറുപടികളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നത് 40 സൈനിക് സ്കൂൾ കരാറുകളിൽ 62 ശതമാനമെങ്കിലും രാഷ്ട്രീയ സ്വയംസേവക് സംഘവുമായും (ആർഎസ്എസ്), ഭാരതീയ ജനതാ പാർട്ടിയുടെ രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട സ്കൂളുകൾക്കാണ്.

പുതിയ പൊതു-സ്വകാര്യ മോഡൽ സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് പൂൾ ശക്തിപ്പെടുത്തുമെന്ന് സർക്കാർ പറയുമ്പോൾ, രാഷ്ട്രീയക്കാരെയും വലതുപക്ഷ സ്ഥാപനങ്ങളെയും സൈനിക ആവാസവ്യവസ്ഥയിലേക്ക് കൊണ്ടുവരുന്ന സംരംഭം ആശങ്കകൾ ഉയർത്തുന്നു.

സൈനിക സ്കൂൾ വിദ്യാഭ്യാസ രീതിയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്വകാര്യ പങ്കാളിത്തത്തോടെ സ്കൂളുകൾ തുടങ്ങാനുള്ള അനുമതി സർക്കാർ നൽകുന്നത്. 2021 ഒക്ടോബർ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയാണ് ഇതിനുള്ള തീരുമാനം കൈക്കൊണ്ടത്. കേന്ദ്ര സർക്കാർനയപ്രകാരം ഇത്തരം സ്കൂളുകളിലെ ആറാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ വാർഷിക ഫീസ് 50 ശതമാനം സർക്കാർ വഹിക്കും. പരമാവധി 50 വിദ്യാർഥികൾക്കാണ് ഇത് ലഭിക്കുക.