‘ഒരു കടവുമില്ല, ഞങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല’ കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്ത് ദമ്പതികളും സുഹൃത്തും

0
234

അരുണാചൽ പ്രദേശിൽ മലയാളി ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ ദമ്പതിമാരെയും തിരുവനന്തപുരത്തുനിന്ന് കാണാതായ അധ്യാപികയെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടെത്തിയ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായാണ് അരുണാചൽ പോലീസ് നൽകുന്ന വിവരം. ഒരു കടവുമില്ല, ഞങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. ഞങ്ങൾ എവിടെയാണോ അങ്ങോട്ട് പോകുന്നു എന്നെഴുതി മൂവരും കുറിപ്പിൽ ഒപ്പിട്ടിരുന്നതായാണ് പോലീസ് പറയുന്നത്. മൂവരെയും കൈഞരമ്പ് മുറിച്ചനിലയിലാണ് ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയതെന്നും അരുണാചൽ പോലീസ് പറഞ്ഞു. മരണാനന്തര ജീവിതത്തെക്കുറിച്ച് ഇവർ ഇന്റർനെറ്റിൽ തിരഞ്ഞതായി സൂചനയുണ്ട്. ദമ്പതിമാരുടെ വിവാഹസർട്ടിഫിക്കറ്റ് അടക്കമുള്ളവ മുറിയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.

കോട്ടയം മീനടം സ്വദേശി നവീൻ തോമസ്(35), ഭാര്യ ദേവി(35), ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂർക്കാവ് മണികണ്‌ഠേശ്വരം സ്വദേശി ആര്യ ബി.നായർ(20) എന്നിവരെയാണ് അരുണാചലിലെ ജിറോയിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടത്. ജിറോയിലെ ബ്ലൂപൈൻ ഹോട്ടലിലെ 305-ാം നമ്പർ മുറിയിലായിരുന്നു മൂവരും താമസിച്ചിരുന്നത്. മൂന്നു പേരുടെയും കൈഞരമ്പുകൾ മുറിച്ചനിലയിലായിരുന്നു. ആര്യയുടെ മൃതദേഹം മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ദേവിയുടെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു. നവീൻ തോമസിനെ കുളിമുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയതെന്നും അരുണാചൽ പോലീസിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളെ അരുണാചൽ പോലീസ് വിവരമറിയിച്ചിട്ടുണ്ട്. ബന്ധുക്കൾ ഇവിടെയെത്തിയ ശേഷം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം വിട്ടുകൊടുക്കുമെന്നും പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ആര്യ ബി. നായർ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയാണ്. കോട്ടയം സ്വദേശികളായ ദമ്പതിമാർ ആയുർവേദ ഡോക്ടർമാരാണെന്നാണ് വിവരം. ഇവർ തിരുവനന്തപുരത്താണ് താമസിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. മാർച്ച് 17-നാണ് ഇരുവരും അവസാനമായി മീനടത്തെ വീട്ടിലെത്തിയതെന്നാണ് വിവരം. ദമ്പതിമാരും അധ്യാപികയും പ്രത്യേക കൂട്ടായ്മ വഴിയാണ് പരിചയപ്പെട്ടതെന്നും പറയപ്പെടുന്നുണ്ട്.

മാർച്ച് 26-നാണ് മൂവരും കേരളത്തിൽനിന്ന് പോയത്. തുടർന്ന് 27-ാം തീയതി മകളെ കാണാനില്ലെന്ന് ആര്യയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഈ അന്വേഷണത്തിലാണ് മൂവരും അരുണാചലിൽ എത്തിയതായി വിവരം ലഭിച്ചത്. മാർച്ച് 28-നാണ് മൂവരും ജിറോയിലെ ഹോട്ടലിൽ മുറിയെടുത്തതെന്നാണ് അരുണാചലിൽനിന്നുള്ള വിവരം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)