വളർത്തുനായയെ എറിഞ്ഞത് ചോദ്യംചെയ്തു; നാലംഗസംഘത്തിന്റെ ആക്രമണത്തെ തുടർന്ന് ഹൈക്കോടതി ഡ്രൈവർ മരിച്ചു

0
146

വളർത്തുനായയെ ചെരുപ്പ് വെച്ച് എറിഞ്ഞത് ചോദ്യംചെയ്തതിന് നാലംഗസംഘം ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഹൈക്കോടതിയിലെ ഡ്രൈവർ മരിച്ചു. മർദനത്തിനിടെ ഗുരുതരമായി പരിക്കേറ്റ മുല്ലശ്ശേരി കനാൽ റോഡ് സ്വദേശി വിനോദ് (45) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സംഭവത്തിൽ ഉത്തർപ്രദേശ് ബറൂത്ത് ശതാബ്ദി നഗർ സ്വദേശി അശ്വിനി ഗോൾകർ (27), ഗാസിയാബാദ് രാജേന്ദ്രനഗർ സ്വദേശി കുശാൽ ഗുപ്ത (27), രാജസ്ഥാൻ ഗംഗാനഗർ വിനോഭാബ സ്വദേശി ഉത്കർഷ് (25), ഹരിയാണ സോനീപത് ഗോഹാന സ്വദേശി ദീപക് (26) എന്നിവരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാലുപേരും തപാൽ വകുപ്പിലെ ജീവനക്കാരാണ്.

മാർച്ച് 25ന് രാത്രി 10.30ഓടെയായിരുന്നു സംഭവം. മുല്ലശ്ശേരി കനാൽ റോഡിലുള്ള വിനോദിന്റെ വീട്ടിലെ നായ ഗേറ്റിനകത്തുനിന്ന് കുരച്ചത് അതുവഴി നടന്നുപോയ പ്രതികൾക്ക് ഇഷ്ടപ്പെട്ടില്ല. പ്രതികളിലൊരാൾ ചെരുപ്പ് കൊണ്ട് നായയെ എറിഞ്ഞു. വിനോദ് ഇത് ചോദ്യം ചെയ്തു. ഇവരും വിനോദുമായി വാക്കേറ്റമുണ്ടായി. രണ്ടുപേർ ചേർന്ന് വിനോദിനെ അടിക്കുകയും വയറ്റിൽ ഇടിക്കുകയും ചെയ്തു. അശ്വിനി ഗോൾകർ പിറകിലൂടെ വന്ന് വിനോദിന്റെ കഴുത്തിനു പിടിച്ച് വലതുകൈത്തണ്ട കൊണ്ട് കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു.

വിനോദ് കമിഴ്ന്നു വീണിട്ടും കഴുത്തിൽനിന്ന് പിടിവിട്ടില്ല. പുറത്ത് കയറിയിരുന്ന് കഴുത്തിൽ അമർത്തി വലിച്ചു മുറുക്കി. ബഹളം കേട്ട് ഓടിക്കൂടിയവരാണ് പ്രതിയുടെ പിടിയിൽനിന്നു വിനോദിനെ മോചിപ്പിച്ചത്. അപ്പോഴേക്കും വിനോദ് അവശനായിരുന്നു. ഉടൻ ആശുപത്രിയിലാക്കി. കഴുത്ത് ഞെരിച്ചതിനെത്തുടർന്ന് തലച്ചോറിലേക്കുള്ള ഓക്‌സിജൻ എത്തുന്നത് തടസ്സപ്പെട്ടതിനെത്തുർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വിനോദ് താമസിക്കുന്നതിന് രണ്ട് വീട് അപ്പുറത്താണ് പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്നത്. സംഭവദിവസം പ്രതികളെ കെഎസ്ആർടിസി പരിസരത്തെ വിവേകാനന്ദ റോഡിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ നാലുപേരും നിലവിൽ റിമാൻഡിലാണ്.