‘ആടുജീവിതം’ റെക്കോഡ് ചെയ്ത് പ്രചരിപ്പിക്കാൻ ശ്രമം; നിയമനടപടി സ്വീകരിക്കുമെന്ന് നിർമ്മാതാക്കൾ

0
458

റിലീസായ ആദ്യ ദിനം മുതൽ തീയറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ‘ആടുജീവിതം’ റെക്കോർഡ് ചെയ്യാനും പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ചിത്രത്തിൻ്റെ പൈറേറ്റഡ് പ്രിൻ്റുകളായി ലിങ്കുകളും സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം ലിങ്കുകൾ പ്രചരിപ്പിക്കുന്ന വ്യക്തികൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുമെതിരെ നിർമ്മാതാക്കൾ നിയമനടപടി സ്വീകരിക്കും.

വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെ പ്രിൻ്റും ലിങ്കും ഷെയർ ചെയ്ത എല്ലാവരുടെയും പേരിൽ സൈബർ സെൽ കേസെടുത്ത് കർശന നിയമനടപടി സ്വീകരിക്കുമെന്ന് അണിയറപ്രവർത്തകരിൽ നിന്ന് വ്യക്തമാണ്.

ചെങ്ങന്നൂരിൽ തീയേറ്ററിൽ നിന്ന് സിനിമ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച യുവാവിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തീയറ്റർ ഉടമയുടെ പരാതിയിലാണ് സിനിമ കാണാനെത്തിയ ആളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തെങ്കിലും ദൃശ്യങ്ങൾ കാണുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പൊലീസ് പറഞ്ഞത്. ഫോൺ വിദഗ്ദ പരിശോധനക്ക് വിധേയമാക്കുമെന്നും ഇവർ അറിയിച്ചിരുന്നു.

ആദ്യ ദിവസം തന്നെ റൊക്കോഡ് കളക്ഷനും അഭിപ്രായവും വേടിയാണ് ചിത്രം പ്രദർശനം തുടരുന്നത്. 2024 മാർച്ച് 28-ന് തീയേറ്ററുകളിലെത്തിയ ചിത്രം നീണ്ട 16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് എത്തിയത്.