ഇന്ന് ദുഃഖവെള്ളി; ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകൾ

0
150

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടർന്നുള്ള ഈ ദിവസത്തിൽ ‍യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു. പാശ്ചാത്യ സഭകൾ ഈ ദിവസത്തെ ഗുഡ്‌ ഫ്രൈഡേ എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ‍ ഓർത്തഡോക്സ്‌ സഭകൾ ഈ ദിവസത്തെ വലിയ വെള്ളിയാഴ്ച എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകൾ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും പരാമർശിക്കാറുണ്ട്.

പാളയം സെൻറ് ജോസഫസ് കത്തീഡ്രൽ ദേവാലയത്തിലെ ചടങ്ങുകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ മുഖ്യ കാർമികത്വം വഹിക്കും. പട്ടം സെൻറ് മേരീസ് കത്തീഡ്രൽ ദേവാലയത്തിലും ദുഃഖവെള്ളിയുടെ ഭാഗമായി ദിവ്യബലിയും പ്രത്യേക പ്രാർത്ഥനകളും നടക്കും.

എറണാകുളം മലയാറ്റൂർ സെൻറ് തോമസ് പള്ളിയിൽ കുരിശുമല കയറ്റത്തിനായി വിശ്വാസികൾ പുലർച്ചെ മുതൽ എത്തി തുടങ്ങി. കഴിഞ്ഞ വർഷത്തേക്കാൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സിറോ മലബാർ സഭ അധ്യക്ഷൻ, മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ കോട്ടയം കുടമാളൂർ സെൻറ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.