അടൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 2 മരണം; അപകടത്തിൽ ദുരൂഹതയുള്ളതായി പൊലീസ്

0
263

അടൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. നൂറനാട് സ്വദേശി അനൂജ, ചാരുംമൂട് സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്. എംസി റോഡിൽ പട്ടാഴിമുക്കിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം. അപകടത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

സഹാധ്യാപകർക്കൊപ്പം വിനോദയാത്രയ്ക്ക് പോയ ശേഷം ട്രാവലറിൽ മടങ്ങുകയായിരുന്നു അനൂജ തുമ്പമൺ സ്കൂളിലെ അധ്യാപികയാണ്. വഴിമധ്യേ ട്രാവലർ തടഞ്ഞുനിർത്തി ഹാഷിം അനുജയെ കാറിൽ കയറ്റി കൊണ്ട് പോവുകയായിരുന്നു.കാറിൽ കയറ്റി മിനിറ്റുകൾക്കകമായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. തങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് സഹഅധ്യാപികയോട് അനുജ പറഞ്ഞിരുന്നതായും സൂചനയുണ്ട്. അമിത വേഗതയിലാണ് അനുജയെ കാറിൽ കയറ്റിക്കൊണ്ട് പോയത്. സഹഅധ്യാപികർക്ക് സംശയം തോന്നി അടൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് വാഹനത്തിനായി പൊലീസും പരിശോധന നടത്തിയിരുന്നു. ഇതിനിടെ അനുജയെ സഹഅധ്യാപകർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. അനുജ കരയുന്നുണ്ടായിരുന്നെന്നും കുഴപ്പമില്ല ഞാൻ എത്തിക്കോളാം എന്നു പറഞ്ഞാണ് ഫോൺ കട്ടാക്കിയതെന്ന് അധ്യാപകർ പറയുന്നു. പിന്നാലെയാണ് അപകടവിവരം അറിയുന്നത്.

അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പിയും കണ്ടെത്തി. കാർ എതിർ ദിശയിൽ വന്ന കണ്ടെയ്‌നർ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഈ കാർ വാടകയ്ക്ക് എടുത്തതാണ്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. അനുജയ്ക്ക് 11 വയസുള്ള മകനുണ്ട്. കായകുളം സ്വദേശിയാണ് ഭർത്താവ്.