കോഴിക്കോട് പേരാമ്പ്ര കൊലപാതകക്കേസിൽ പ്രതിയുടെ ഭാര്യ അറസ്റ്റിൽ

0
142

കോഴിക്കോട് പേരാമ്പ്ര കൊലപാതകക്കേസിൽ പ്രതി മുജീബിൻ്റെ ഭാര്യ റൗഫീന തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിൽ. റൗഫീനയെ റിമാൻഡ് ചെയ്തു. സ്വർണം വിറ്റ് ലഭിച്ച 1.43 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. തിരിച്ചറിയൽ പരേഡിൽ സാക്ഷി പ്രതി മുജീബിനെ തിരിച്ചറിഞ്ഞു.

സ്വർണം വിറ്റുകിട്ടിയ പണം മുജീബ് റൗഫിന നൽകി. ഈ പണം ഉപയോഗിച്ച് വാഹനം വാങ്ങാനും ഇരുവരും ശ്രമിച്ചിരുന്നു. പോലീസ് എത്തുമെന്നറിഞ്ഞ് റൗഫീന പണം ഒളിപ്പിച്ചു. ഈ പണം പോലീസ് കണ്ടെടുത്തു. കൊലപാതകത്തെക്കുറിച്ച് റൗഫിനയ്ക്ക് അറിയാമായിരുന്നുവെന്നും പോലീസ് പറഞ്ഞു. സ്വർണാഭരണങ്ങൾ വിറ്റുകിട്ടിയ പണം ചൂതാട്ടത്തിലൂടെ നശിപ്പിച്ചെന്നാണ് മുജീബ് ആദ്യം പറഞ്ഞത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പണം റൗഫീനയ്ക്ക് കൈമാറിയതായി വ്യക്തമായി.

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പോലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ റൗഫീനയെ റിമാൻഡ് ചെയ്തു. ഈ മാസം 11 നാണ് നൊച്ചാട് സ്വദേശി അനുവിനെ തോട്ടിൽ വെച്ച് കൊലപ്പെടുത്തിയത്. മുട്ടിന് താഴെ മാത്രം വെള്ളമുള്ള സ്ഥലത്ത് അർധ നഗ്‌നയായാണ് മൃതദേഹം കിടന്നത്.സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ ഒരാൾ കറങ്ങിയത് കണ്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയതോടെ ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി മുജീബ് റഹ്‌മാൻ പിടിയിലായത്. വാളൂരിലെ വീട്ടിൽ നിന്ന് പോയ അനുവിനെ പ്രതി ബൈക്കിൽ ലിഫ്റ്റ് നൽകി വാളൂരിലെ തോട്ടിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു.