അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവർക്കിന്ന് പെസഹ വ്യാഴം

0
91

യേശുക്രിസ്തുവിന്‍റെ അവസാന അത്താഴത്തിന്‍റെ ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രൈസ്തവരുടെ വിശുദ്ധ വാരത്തിൽ ദുഃഖവെള്ളിക്ക് തൊട്ട് മുമ്പുള്ള വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം എന്ന് അറിയപ്പെടുന്നത്. കുരിശുമരണം വരിക്കുന്നതിനു മുൻപായി യേശു തന്റെ ശിഷ്യന്മാരുടെ ഒപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റെയും അതിനു മുൻപായി അദ്ദേഹം അവരുടെ കാലുകൾ കഴുകിയതിന്റെയും ഓർമ്മ പുതുക്കലായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. ഈ ദിവസം ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കു പുറമേ പ്രത്യേക പ്രാർത്ഥനകളും കാൽ കഴുകൽ ശുശ്രൂഷയും വീടുകളിൽ പെസഹാ അപ്പം മുറിക്കുന്ന ചടങ്ങും ഉണ്ടാകും.

സിറോ മലബാർ സഭാ തലവനും മേജ‍ർ ആർച്ചു ബിഷപ്പുമായ റാഫേൽ തട്ടിൽ ഇരിങ്ങാലക്കുട താഴേക്കാട് സെന്‍റ് സെബാസ്റ്റ്യൻസ് മേജ‍ർ ആർക്കി എപ്പിസ്കോപ്പൽ പളളിയിൽ രാവിലെ 6.30ന് കാൽകഴുകൽ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ലത്തീൻ സഭാ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ വൈകിട്ട് അഞ്ച് മണിക്ക് എറണാകുളം സെന്‍റ് ഫ്രാൻസീസ് അസീസി കത്തീഡ്രലിൽ കാൽ കഴുകൽ ചടങ്ങ് നടത്തും.

ഓർത്തഡോക്സ്-യാക്കോബായ പള്ളികളിൽ ഉച്ചയ്ക്ക് ശേഷമാണ് പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ. തിരുവനന്തപുരം സെന്റ് മേരീസ് കത്തീഡ്രലില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നേതൃത്വം നൽകും.