ബാൾട്ടിമോർ പാലം തകർച്ച; കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

0
215

യുഎസിൽ ചരക്കുകപ്പലിൽ ഇടിച്ച് പാലം തകർന്ന് നദിയിൽ വീണ് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. പടപ്‌സ്‌കോ നദിയിൽ ചുവന്ന പിക്കപ്പിനുള്ളിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാണാതായ എട്ടുപേരിൽ രണ്ടുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. അവർ മെക്സിക്കോ, ഗ്വാട്ടിമാല, എൽ സാൽവഡോർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

ഇരുട്ടും ഒഴുക്ക് കുറവും അതിശൈത്യമുള്ള വെള്ളവും കാരണം ചൊവ്വാഴ്ച രാത്രി നിർത്തിവച്ച തിരച്ചിൽ ബുധനാഴ്ച രാവിലെ പുനരാരംഭിച്ചു. ബാക്കിയുള്ള നാലുപേർക്കായുള്ള തിരച്ചിൽ കോസ്റ്റ് ഗാർഡ് അവസാനിപ്പിച്ചു. തകർന്ന പാലത്തിൻ്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത ശേഷം ഇവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കും. അതേസമയം അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി കപ്പലിൻ്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തിട്ടുണ്ട്.

ചരക്കുമായി ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂരിൻ്റെ പതാക ഘടിപ്പിച്ച ഡാലി എന്ന കപ്പലാണ് പാലത്തിൽ ഇടിച്ചത്. മലയാളി ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ സിനർജി മറൈൻ ഗ്രൂപ്പാണ് ഡാലിയുടെ നടത്തിപ്പുകാർ. കപ്പലിലെ രണ്ട് ക്യാപ്റ്റൻമാരടക്കം 22 ജീവനക്കാരും ഇന്ത്യക്കാരായിരുന്നു. അപകടത്തിന് മുമ്പ് ദുരിത സന്ദേശം അയച്ച് പാലത്തിലൂടെയുള്ള ഗതാഗതം തടയാൻ സഹായിച്ച കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ അഭിനന്ദിച്ചിരുന്നു. പാലം ഉടൻ നിർമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.